പത്തനംതിട്ട ഡയറിയിൽ നിന്നും മിൽമ നെയ്യ് കയറ്റുമതി ആരംഭിച്ചു
പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ഡയറിയിൽ നിന്നും മിൽമ നെയ്യ് കയറ്റുമതി ആരംഭിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിലൂടെ കേരളം കണി കണ്ടുണരുന്ന നന്മ ഇനി വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കും. അതിലൂടെ കേരളത്തിന് മികച്ച വരുമാനം ലഭ്യമാകും.
മിൽമ തിരുവനന്തപുരം മേഖലയുടെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ഡയറി ഓരോ ദിവസവും വികസനപരമായ നേട്ടങ്ങൾ കൈവരിക്കുകയാണ്. അതിനായി ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും മുൻകൈയെടുത്ത് നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ഒട്ടേറെ പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവരികയും നിരവധി പശുകുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന ബ്രഹത്തായ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. ക്ഷീരസംഘങ്ങളിൽ നിന്നും ക്ഷീര കർഷകർക്ക് ലോൺ സൗകര്യ സംവിധാനം ലഭ്യമാക്കുന്നത് ഉൾപ്പെടെ മിൽമയുടെ 80 ശതമാനം ലാഭവും ക്ഷീര കർഷകർക്ക് ഉള്ള ആനുകൂല്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. ക്ഷീരകർഷകരിൽ ഓരോ കുടുംബങ്ങൾക്കും സബ്‌സിഡിയിൽ പശുക്കളെ വിതരണം ചെയ്യും. കാലിതീറ്റയിലും സബ്സിഡി ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് മിൽമ നൽകുന്നുണ്ട്. ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന തരത്തിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ സഹായം ലഭ്യമാക്കാൻ തിരുവനന്തപുരത്ത് ഒരു കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്.
ക്ഷീര കർഷകർക്ക് ആശ്വാസകരമാകുന്ന നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. കേരളത്തിൽ മിൽമയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടുകൂടി മുന്നോട്ട് പോകുകയാണ്. ഏറ്റവും നല്ല ഗുണനിലവാരമുള്ള പാൽ ഉൽപാദിപ്പിക്കപെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.