African Swine Flu - Department of Animal Husbandry with Farmers

ആഫ്രിക്കന്‍ പന്നിപ്പനി- മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്കൊപ്പം

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികള്‍, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് 15/07/2022 തീയതിയില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിലവിൽ ആ നിരോധനം തുടർന്ന് വരുകയാണ് .

21/07/2022 ല്‍ വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. തുടര്‍ന്ന് 31.07.2022 ല്‍ സംസ്ഥാനത്ത് വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം സ്ഥിരീകരിക്കുകയുണ്ടായി. രണ്ടു ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. രണ്ടു ജില്ലകളിലും വകുപ്പിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള RRT (ദ്രുതകര്‍മ്മ സേന) രൂപീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1 km ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് 10 km ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുകയും പന്നികളുടെ നീക്കം തടയുകയും ചെയ്തുവരുന്നു. വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും ഇപ്രകാരം നശിപ്പിയ്ക്കുകയുണ്ടായി.

വയനാടും കണ്ണൂരും രോഗപ്രതിരോധപ്രവര്‍ത്തനത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന് പുറമേ റവന്യു, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വെഹിക്കിള്‍, പോലീസ്, ജി എസ് ടി, ഫോറസ്റ്റ്, വെറ്ററിനറി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ നിസ്സീമമായ സഹകരണം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളിലെ ജനപ്രതിനിധികൾ, കളക്ടര്‍, സബ്കളക്ടര്‍ തുടങ്ങിയവരുടെ ഇടപെടല്‍ വളരെ ശ്രദ്ധേയമാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ള പ്രദേശത്ത് രോഗനിരീക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം നിരീക്ഷണ പ്രദേശങ്ങളിലെ പന്നിഫാമുകളില്‍ അണുനശീകരണം നടത്തുന്നതിന് ആവശ്യമായ അണുനാശിനികള്‍ ഉള്ളടക്കം ചെയ്ത സൗജന്യകിറ്റ് മൃഗസംരക്ഷണവകുപ്പ് എത്തിച്ചുനല്‍കുന്നുണ്ട്.

നഷ്ടപരിഹാരത്തുക നിലവിൽ കേന്ദ്രത്തിന്റെ നിരക്ക് പ്രകാരമാണ് നൽകുന്നത്. അതിൽ 50% കേന്ദ്ര വിഹിതവും 50% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ ടി ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന സാഹചര്യത്തില്‍, തുക റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കുവാനുള്ള നടപടികളുമാണ് കൈക്കൊണ്ടിട്ടുള്ളത്.

പന്നിപ്പനി പടര്‍ന്നുപിടിച്ച വയനാട് കണ്ണൂര്‍ ജില്ലകളില്‍ വളരെ അടിയന്തിരമായി നഷ്ടപരിഹാരവിതരണത്തിനുള്ള നടപടിയാണ് സ്വികരിച്ചു. പന്നികളെ ദയാവധത്തിനു വിധേയമാക്കിയ വയനാട് ജില്ലയിലെ 7 കര്‍ഷകര്‍ക്ക് 37,17,751/- രൂപയും, കണ്ണൂര്‍ ജില്ലയിലെ 2 കര്‍ഷകര്‍ക്ക് 15,15,600/- രൂപയും ആണ് അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്. വളരെവേഗത്തിലാണ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയത്.

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥവും, സമയോചിതവുമായ കൃത്യനിര്‍വ്വഹണം മൂലം നിലവില്‍‍ സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാണ്. മാത്രമല്ല അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ മാതൃകാപരമായ സേവനം നല്‍കുവാന്‍ കഴിഞ്ഞു . സംസ്ഥാനത്തിനകത്തും പുറത്തും ഇപ്രകാരം ഒരു പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു എന്നുള്ളത് വകുപ്പിന്റെ പ്രവര്‍ത്തനത്തിന് ഒരു നാഴികക്കല്ലു തന്നെയാണ്. മികച്ച സേവനം ഈ കാര്യത്തിൽ നടത്തിയ ഉദോഗസ്ഥർക്കുള്ള അനുമോദന പത്രവും വകുപ്പ് ഈ അവസരത്തിൽ നൽകി.