മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ നടപ്പിലാക്കുന്ന ഊർജ്ജിത മൃഗസംരക്ഷണ പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചു . കുറഞ്ഞ ചെലവിൽ കർഷകരുടെ വീട്ടുപടിക്കൽ ചികിൽസ ലഭ്യമാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്ക് ആയ “ആശ്രയ”, യഥാസമയം കർഷകരുടെ വീട്ടുപടിക്കൽ കൃത്രിമ ബീജാധാന സേവനം ഉറപ്പാക്കുന്ന “പ്രതീക്ഷ” എന്നീ രണ്ട് പദ്ധതികളാണ് ആരംഭിച്ചത്.
1.1 “പ്രതീക്ഷ” കൃത്രിമ ബീജാധാന സേവനം
കൃത്രിമ ബീജാധാന സൗകര്യങ്ങളുടെ പരിമിതി മൂലം മികച്ചയിനം പശുക്കളുടെ ഉത്പാദനക്ഷമത പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയാതെ പോകുന്നതും യഥാസമയം കൃത്രിമ ബീജാധാനം ചെയ്യുവാൻ കഴിയാത്തതുമാണ് കേരളത്തിലെ ഉരുക്കളിലെ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. ഇതിനൊരു പരിഹാരമെന്ന നിലയിൽ മിൽമ തിരുവനന്തപുരം മേഖലാ സഹകരണ
ക്ഷീരോൽപാദക യൂണിയൻ കെ.എൽ.ഡി ബോർഡുമായി ചേർന്ന് ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് കൃത്രിമ ബീജാധാന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് “പ്രതീക്ഷ” യെന്ന കൃത്രിമ ബീജാധാന സേവനം. നാല് ജില്ലകളിലായി ആകെ പത്ത് കൃത്രിമ ബീജാധാന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി കെ.എൽ.ഡി ബോർഡിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ പത്തൊൻപത് എ.ഐ ടെക്നീഷ്യൻമാർ തെരഞ്ഞെടുത്ത ക്ഷീര സംഘങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുക. ഈ പദ്ധതിയിലൂടെ കർഷകർക്ക് പൂർണ്ണമായും സൗജന്യസേവനം ലഭിക്കുന്നതുമാണ്.
1.2 “ആശ്രയ” മൊബൈൽ വെറ്ററിനറി ക്ലിനിക്ക്
മൃഗചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുളളതും കന്നുകാലി സമ്പത്ത് കൂടുതലായതുമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്ര നിരക്കിൽ വീട്ടുപടിക്കൽ മൃഗ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച് പദ്ധതിയാണ് ആശ്രയ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയ്ക്ക് ഒരു മൊബൈൽ വെറ്ററിനറി ക്ലിനിക്ക് എന്ന നിരക്കിൽ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ നാല് യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുക. ആവശ്യമായ മരുന്നുകൾ കർഷകർക്ക് സൗജന്യമായി നൽകും. 100 രൂപ മാത്രമാണ് കർഷകരിൽ നിന്നും ചികിത്സാ ഫീസ് ഇനത്തിൽ ഈടാക്കുക.