African swine fever restrictions continue

ആഫ്രിക്കൻ സ്വൈൻ ഫീവർ നിയന്ത്രണങ്ങൾ തുടരുന്നു

ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) രോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച നടപടികൾ

ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ആഫ്രിക്കൻ സ്വൈൻ ഫീവർ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികൾ, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് 15/07/2022 തീയതിയിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിലവിൽ ആ നിരോധനം തുടർന്ന് വരുകയാണ് .

സംസ്ഥാനത്ത് ആദ്യമായി 2022 ജൂലൈയിൽ വയനാട് ജില്ലയിൽ ‍ ആഫ്രിക്കൻ സ്വൈൻ ഫീവർ രോഗം റിപ്പോർട്ട് ചെയ്തു.തുടർന്ന് കണ്ണൂർ,തൃശ്ശൂർപാലക്കാട്,കോട്ടയം,ഇടുക്കി,തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസറഗോഡ് ജില്ലകളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ രോഗം സ്ഥിരീകരിയ്ക്കുകയും, എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിയ്ക്കുകയും വകുപ്പിലെ ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള RRT (ദ്രുതകർമ്മ സേന) രൂപീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1 km ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് 10 km ചുറ്റളവിലെ പന്നി ഫാമുകളിൽ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുകയും പന്നികളുടെ നീക്കം തടയുകയും ചെയ്തു. സംസ്ഥാനത്ത് 20.04.2023വരെയുളള കണക്കനുസരിച്ച് 6407 പന്നികളെ നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം ‘കൾ’ ചെയ്തിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണങ്ങൾ

രണ്ടാം ഘട്ടം 23.06.2023 ൽ കണ്ണൂർ ജില്ലയിൽ പന്നിപനി സ്ഥിരീകരിയ്ക്കുകയുണ്ടായി. തുടർന്ന് തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, എറണാകുളം, കാസറഗോഡ് ജില്ലകളിൽ പന്നിപനി സ്ഥിരീകരിച്ചു. ആയതിനെ തുടർന്ന് ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണങ്ങൾ കർശനമാക്കുകയും സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങൾ 15.10.2023 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

പേരന്റ് സ്റ്റോക്കിന്റെ സംരക്ഷണം

പേരന്റ് സ്റ്റോക്കിനെ സംരക്ഷിയ്ക്കുന്നതിന് പേരന്റ് സ്റ്റോക്കിനെ വളർത്തുന്ന സർക്കാരിന്റെ കീഴിലുളള പാറശ്ശാല,കാപ്പാട്,കോലാനി എന്നീ ഫാമുകളുടേയും കേരള കന്നുകാലി വികസന ബോർഡിന്റെ ഇടയാറിലുളള ഫാമിന്റേയും കേരള വെറ്ററിനറി &അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി, പൂക്കോട് എന്നിവിടങ്ങളിലെ ഫാമിന്റേയും രണ്ടു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ വളർത്തുന്നത് ബയോസെക്യൂരിറ്റിയുടെ ഭാഗമായി 15.10.2023 വരെ സർക്കാർ നിരോധിച്ചിട്ടുണ്ട്.ഈ പേരന്റ് സ്റ്റോക്ക് ഫാമുകളിലെ പന്നികളെ സംരക്ഷിച്ചാൽ മാത്രമേ സംസ്ഥാനത്ത് പന്നി കർഷകർക്ക് ആഫ്രിക്കൻ പന്നിപനിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയിലൂടെ പന്നികുഞ്ഞുങ്ങളെ നൽകാൻ കഴിയുകയുളളൂ.