ഇന്ത്യയും അമേരിക്കയുമായി ധാരണയാകുവാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാർ കേരളത്തിലെ ക്ഷീര കർഷകർക്കും സഹകരണ പ്രസ്ഥാനങ്ങൾക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ തടയുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച നിവേദനത്തിൽ മന്ത്രി ജെ ചിഞ്ചു റാണി ആവശ്യപ്പെട്ടു.
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ സാധാരണക്കാരായ ക്ഷീര കർഷകരെ ദോഷകരമായി ബാധിക്കുന്ന ഒരുപാട് വ്യവസ്ഥകൾ നിർദ്ദഷ്ട സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നാമമാത്ര ക്ഷീരകർഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും ആയിരിക്കും ഈ കരാർ നേരിട്ട് ബാധിക്കുക. ക്ഷീര മേഖല കേരളത്തിലെ നിരവധി കർഷകരുടെ ജീവനോപാധി കൂടിയാണ്. പാശ്ചാത്യ ഡയറി ഫാമുകളിലെ മികച്ച സാങ്കേതികവിദ്യയുടെ ഫലമായി കുറഞ്ഞ നിരക്കിൽ ലദ്യമാകുന്ന ക്ഷീരോൽപ്പന്നങ്ങളുടെ നികുതിയിൽ ഇളവ് നൽകുകയും ചെയ്തു ഇന്ത്യയിലെ വിപണിയിൽ വിപണനത്തിന് തയ്യാറാകുമ്പോൾ നമ്മുടെ ക്ഷീര മേഖലയുടെ തകർച്ച ആസന്നമാകും.

അമേരിക്കൻ പാൽ ഉത്പന്നങ്ങളിൽ കൃത്രിമ വളർച്ചാ ഹോർമോണുകൾ ഉപയോഗിക്കുന്നതും, ഭക്ഷണസംസ്കാരത്തിൽ അതിനോടുള്ള എതിർപ്പ് കേരളത്തിൽ വലിയതോതിൽ നിലനിൽക്കുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള പോഷകച്ചെലവുകളും കാലാവസ്ഥാ മാറ്റം പോലുള്ള വെല്ലുവിളികളും നേരിടുന്ന ഈ മേഖലയിലേക്ക് വിദേശ മത്സരം കൊണ്ടുവരുന്നത് ആകെ തകർക്കുമെന്ന് സർക്കാർ മുന്നറിയിക്കുന്നു.

പ്രസ്തുത നടപടിയിൽ നിന്നും പിൻവാങ്ങുകയോ അല്ലെങ്കിൽ, കർശനമായ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങളും ഉപഭോക്തൃ പരിഗണനകളും ഉൾപ്പെടുത്തി മാത്രമേ ഇളവുകൾ പരിഗണിക്കാവൂവെന്നും, കേന്ദ്ര സർക്കാർ ഇത്തരം വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായി കത്തിൽ വ്യക്തമാക്കി.