In the event of heavy rains, the Animal Welfare Department issues cautionary instructions for farmers

മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് കർഷകർക്കായി പുറപ്പെടുവിക്കുന്ന   ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സമയാസമയങ്ങളിലുള്ള ജാഗ്രത നിർദേശങ്ങൾ കർഷകരും പൊതുജനങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ കർഷകർ ജാഗരൂകരായിരിക്കണം.
മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ജാഗ്രത പാലിയ്ക്കേണ്ടതാണ്.
വെള്ളക്കെട്ടും മലവെള്ള പാച്ചിലും ഉണ്ടാകുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കുകയോ കെട്ടിയിട്ട മൃഗങ്ങളെ അഴിച്ചു വിടാനോ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വെള്ളപ്പൊക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും കന്നുകാലികളെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ്.

കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ആയതിനാൽ മൃഗങ്ങളെ വെള്ള കെട്ടുകളിൽ ഇറക്കുമ്പോൾ വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നില്ലെന്നു ഉറപ്പാക്കണം.

ഇലക്ട്രിക് പോസ്റ്റുകളിലും സ്റ്റേ കമ്പികളിൽ കന്നുകാലികളെ കെട്ടിയിടരുത്.

തൊഴുത്തുകളിൽ ഇലക്ട്രിക് വയറുകൾ അലക്ഷ്യമായി ഇടരുത്.

ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.

ശക്തമായ മഴയുള്ള സമയങ്ങളിൽ കന്നുകാലികളെ തുറന്ന സ്ഥലത്ത് കെട്ടിയിടുകയോ മേയാൻ അനുവദിക്കുകയോ ചെയ്യരുത്.

കന്നുകാലികളെ ബലക്ഷയമുള്ള മേൽ കൂരകൾക്കടിയിൽ പാർപ്പിക്കരുത്.

മഴക്കാലത്ത് കാലിത്തീറ്റയിൽ പൂപ്പൽ ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ തറയിൽ നിന്നും ഉയർന്നതും നനവില്ലാത്തതുമായ സ്ഥലങ്ങളിൽ തീറ്റ സൂക്ഷിക്കേണ്ടതാണ്.

മഴക്കാലത്തു കാലിത്തൊഴുത്തിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

കന്നുകാലികളിൽ അകിടുവീക്കം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മഴക്കാലത്ത് കറവയ്ക്ക് ശേഷം പോവിഡോൺ അയഡിൻ ലായനിയിൽ കാമ്പുകൾ മുക്കി വിടുന്നത് അകിട് വീക്കം തടയാൻ സഹായിക്കും.

കേരളത്തിലെ ആർദ്രത കൂടിയ കാലാവസ്ഥയിൽ മഴക്കാലത്ത് ശ്വസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.

കൊതുക്/ഈച്ച ശല്യം നിയന്ത്രിക്കുന്നതിന് കർഷകർ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

മലിനജലം കലർന്ന കുടിവെള്ളം കുടിക്കുന്നതിലൂടെ കന്നുകാലികളിൽ വയറിളക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുദ്ധമായ കുടിവെള്ളം മാത്രം കുടിക്കാൻ നൽകുക.