Kudumbashree joins hands with A-Help Animal Rescue

എ-ഹെല്‍പ്പ് മൃഗസംരക്ഷണത്തിന് കൈകോര്‍ക്കാന്‍ കുടുംബശ്രീ

മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന എ-ഹെല്‍പ്പ്(അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്‌സ്റ്റന്‍ഷന്‍ ഓഫ് ലൈവ്‌സ്റ്റേക്ക് പ്രൊഡക്ഷന്‍) പദ്ധതിക്ക് തുടക്കം.സേവനങ്ങള്‍ ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യം.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്വയം സഹായ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വനിതകള്‍ എ-ഹെല്‍പ്പര്‍മാരായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തൊട്ടാകെ 2000 എ-ഹെല്‍പ്പര്‍മാരെ വില്ലേജ് തലത്തില്‍ നിയമിക്കും. ഇവര്‍ക്ക് മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ രോഗപ്രതിരോധം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്‍പ്പാദനം, പുല്‍കൃഷി, പ്രഥമ ശുശ്രൂഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും, ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട സഹായം നല്‍കല്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും. കര്‍ഷകര്‍ക്ക് വകുപ്പുമായി കൂടുതല്‍ അടുത്തബന്ധം സ്ഥാപിക്കുവാനും സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ സംവിധാനം വഴിയൊരുക്കും. രോഗപ്രതിരോധ ചികിത്സാമാര്‍ഗങ്ങളും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള കര്‍മ്മസേനയായി എ-ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തിക്കും.മൊബൈല്‍ വെറ്റിനറി സംവിധാനം,24 മണിക്കൂര്‍ കാള്‍ സെന്റര്‍,മൃഗസമ്പത്തിന്റെ ഏകീകൃത തിരിച്ചറിയല്‍ ടാഗിംഗ് സംവിധാനം തുടങ്ങിയ മൃഗസംരക്ഷണ പദ്ധതികള്‍ എ-ഹെല്‍പ്പ് വഴി നടപ്പാക്കും.