സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി സംസ്ഥാന തലത്തിൽ ആരംഭിച്ചു
സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവ്വഹിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യം. തെരുവ് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കും.
8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവ് നായ്ക്കളെയും കുത്തിവെയ്പിന് വിധേയമാക്കും.
കാവ, മിഷൻ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാർക്കറ്റ്, ആശുപത്രികൾ,ബസ് സ്റ്റാൻ്റ്, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കളെയാണ് ആദ്യഘട്ടത്തിൽ വാക്സിനേഷന് വിധേയമാക്കുക. പ്രതിരോധ വാക്സിനുകൾ എല്ലാ മൃഗാശുപത്രികളിലും എത്തിച്ചു കഴിഞ്ഞു.
വാക്സിനേഷനു ശേഷം നായ്ക്കളെ തിരിച്ചറിയാൻ നീലയോ പച്ചയോ മഷി പതിക്കും.