പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച് മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിന്റെ ആഭിമുഖ്യത്തിൽ “പ്രതീക്ഷാ സംഗമം”, “അറിയാം-ഓട്ടിസം” എന്നീ പരിപാടികൾ ആരംഭിച്ചു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്ക്രീനിംഗ് നടത്തി, അതിൽ നിന്നും തെരഞ്ഞെടുത്ത 10 വ്യക്തികൾക്ക് അനുയോജ്യമായ ജോലി നൽകുക വഴി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ എത്തിക്കുകയെന്നതാണ് പ്രതീക്ഷാ സംഗമത്തിന്റെ ലക്ഷ്യം. പ്രതീക്ഷാ സംഗമത്തിലൂടെ കണ്ടെത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ ആദരിക്കുകയും ഇത്തരത്തിൽ തൊഴിൽ നൽകിയ തൊഴിൽ ദാതാക്കളെ പ്രത്യേകമായി അനുമോദിക്കുകയുമുണ്ടായി. പാൻ മറൈൻ എക്സ്പ്രസ്സ് ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വരുന്ന ക്ലബ് മാർട്ട്, ക്ലബ് ഹൗസ്, അജ്വ ബിരിയാണി, കിൻഫ്ര പാർക്കിന്റെ കീഴിൽ ഗ്രീൻ റാപ്പ്, ടെക്നോപാർക്ക്, സഞ്ചി ബാഗ്സ്, ട്രിവാൻഡ്രം ക്ലബ് എന്നീ സ്ഥാപനങ്ങളിലായി 14 പേർക്ക് പ്രതീക്ഷാ സംഗമത്തിലൂടെ ജോലി ലഭ്യമാക്കാൻ സാധിച്ചു.
ഓട്ടിസത്തെക്കുറിച്ച് അറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഓരോ ദിനവും ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുന്നു. ഓട്ടിസം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആയതിനുള്ള പുതിയ അദ്ധ്യാപന രീതികൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും സർവ്വ ശിക്ഷാ കേരള (SSK) -യുടെ കീഴിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, ഓട്ടിസം ട്രെയിനേഴ്സ് എന്നിവർക്കു വേണ്ടി അദ്ധ്യാപന രീതികൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശത്തോടെ എസ്.ഐ.എം.സി സെമിനാർ ഹാളിൽ വച്ച് നടത്തുന്ന നാല് ദിവസത്തെ പരിശീലന പരിപാടിയാണ് അറിയാം-ഓട്ടിസം.