ഏക ജാലകം സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും.
വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംസ്ഥാന ക്ഷീരസംഗമ വേദിയിൽ അദാലത്ത് സംഘടിപ്പിച്ചത്. നിലവിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്ന നിലയിലാണ് അദാലത്ത് നടത്തിയത്. 14 ജില്ലകളിൽ നിന്നായി കർഷകർ സമർപ്പിച്ച 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്ത് വേദിയിൽ വെച്ച് തീർപ്പ് കൽപ്പിച്ചു. അവശേഷിക്കുന്ന പരാതികൾ ഡയറക്ടറേറ്റ് തലത്തിലും സർക്കാർ തലത്തിലും പരിഹാരം കാണുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുവടെ പറഞ്ഞിട്ടുള്ള തീരുമാനങ്ങൾ കൈകൊണ്ടു.
1. ഫാം തുടങ്ങുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കാൻ സർക്കാർതലത്തിൽ നടപടി ഉണ്ടാകും.
2. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കുവാൻ സർക്കാർ തരത്തിൽ നടപടി ഉണ്ടാകും.
3. ആപ്കോസ്,നോൺ ആപ്കോസ് സംഘങ്ങളുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ റവന്യൂ രേഖകൾ സംബന്ധിച്ചുള്ള തർക്കങ്ങളും ,പട്ടയ പരാതികളും റവന്യൂ വകുപ്പുമായി ചേർന്ന് അടിയന്തരമായി പരിഹാരം കാണും.
4. മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കൃത്യമായി കണ്ടു പിടിക്കാൻ താലൂക്ക് തലത്തിൽ ലാബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കും.
5. ഫാംമിങ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന വിധം ഒരുക്കുവാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തും.
6. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കും. കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാര തുക നൽകുവാൻ നടപടി സ്വീകരിക്കും.