ജന്തു സംരക്ഷണ മേഖലയിൽ രോഗപ്രതിരോധമടക്കം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഊർജിത പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. തിരുവനന്തപുരം മൃഗശാലയിൽ മാനുകളടക്കം രോഗം ബാധിച്ച് മരിക്കുന്ന സാഹചര്യം ഉണ്ടായി.എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മൃഗശാല ജീവനക്കാർക്കടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ബോധവൽക്കരണവും പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നൽകി. പാലോട് ലാബിലെ പരിശോധന ഫലത്തിനനുസൃതമായി മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നു. സ്ഥിതിഗതികൾ പരിശോധിക്കുന്നതിന് മുൻ ഡയക്ടമാരായ മൂന്ന് പേരുൾപ്പെടുന്ന ബോർഡിനും രൂപം നൽകി. മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്കും നിർബന്ധമാക്കി. കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. പക്ഷിപ്പനി, പന്നിപ്പനി, പേവിഷബാധ, കന്നുകാലികളിലെ ചർമമുഴ തുടങ്ങിയ നിരവധി വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൃഗസംരക്ഷണ വകുപ്പ് തുടരുകയാണ്. തെരുവ് നായ്കളിലടക്കം വാക്സിനേഷൻ പൂർത്തിയായി വരുന്നു. വളർത്തുമൃഗങ്ങൾക്ക് കേന്ദ്രനിയമം അനുശാസിക്കുന്ന പ്രകാരമുള്ള ലൈസൻസ് നിർബന്ധമാക്കി. പക്ഷിപ്പനിയും പന്നിപ്പനിയും ബാധിച്ച പക്ഷികളെയും പന്നികളെയും സമയബന്ധിതവും ശാസ്ത്രീയവുമായി കൊന്നൊടുക്കുന്നതിനും മറവ് ചെയ്യുന്നതിനും പ്രത്യേക ദൗത്യ സംഘമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. കർഷകർക്കുള്ള ധനസഹായം കേന്ദ്രത്തിൽ നിന്ന് സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ ധനസഹായ വിതരണവുമായി മുന്നോട്ട് പോവുകയാണ്. ചർമമുഴക്കുള്ള വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷ്യ വസ്തുക്കളുടെ കാലിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമായിരിക്കണം അവക്ക് ഭക്ഷണം നൽകേണ്ടത്. വന്യമൃഗങ്ങളുടെ ആക്രമണം തുടർച്ചയാകുന്ന സാഹചര്യത്തിൽ അവയുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും കാരണങ്ങളും വിശദമായി പരിശോധിക്കണം. നിരത്തുകളിലുൾപ്പെടെ അപകടമേൽക്കുന്ന മൃഗങ്ങൾക്ക് സമയബന്ധിതമായി ചികിൽസ നൽകാനുള്ള മനസ് നമ്മളോരുത്തർക്കും ഉണ്ടാകണമെന്നും പൂർണ ജന്തു ക്ഷേമ സൗഹൃദ സംസ്ഥാനമായി കേരളം മാറണം.