കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ 29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം പുരുഷാല ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു. 1962 എന്ന ടോൾ ഫ്രീ നമ്പർ മുഖാന്തരം പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സംസ്ഥാന കോൾ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ-പാർലമെന്ററി സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയുടെ സ്വപ്‍ന പദ്ധതിയാണ് ഇന്ത്യ മുഴുവൻ പശുപരിപാലനത്തിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത്. കേരളം ഇത്
ഏറ്റെടുത്തു ആദ്യം തന്നെ നടപ്പിലാക്കിയതിൽ സംസ്ഥാന സർക്കാരിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കൂടുതൽ ചെറുപ്പക്കാർ സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ മൂലം നാശനഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഉടൻ പരിഹരിക്കുമെന്നും
മന്ത്രി പർഷോത്തം രൂപാല ഉറപ്പ് നൽകി.കേരളം ആവശ്യപ്പെട്ട രീതിയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് നടത്തിപ്പിന് വേണ്ടി വരുന്ന തുകയും കേന്ദ്രസർക്കാർ വഹിക്കണമെന്ന ആവശ്യത്തിന് മതിയായ സഹായം നൽകുമെന്നും അദ്ദേഹം ചടങ്ങിൽ ഉറപ്പ് നൽകി.
60ശതമാനം കേന്ദ്രസർക്കാരും 40ശതമാനം സംസ്ഥാന സർക്കാരും ചേർന്ന് ചെലവ് വഹിക്കുന്ന “ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ ” എന്ന പദ്ധതിയുടെ കീഴിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ യാഥാർഥ്യമാകുന്നത്. കർഷകർക്ക് യാതൊരു വിധ അധിക ചാർജും ഈടാക്കാതെ ഏകീകൃത സേവന നിരക്കിൽ മരുന്നുൾപ്പെടെ വീട്ടുപടിക്കൽ സേവനം ലഭിക്കും. കന്നുകാലികൾ,കോഴികൾ മുതലായവയെ കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയും കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50 രൂപയും അധികം ഈടാക്കും . അരുമ മൃഗങ്ങളെ ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950 രൂപയാണ് നിരക്ക്. ഒരേ ഭവനത്തിൽ
കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപയാണ് ഈടാക്കുക.