Production bonus for dairy farmers will be accelerated

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് ത്വരിതഗതിയിലാക്കും

കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് നൽകുന്നതിനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തി. ആദ്യപടി എന്ന നിലയിൽ ക്ഷീരശ്രീ പോർട്ടലിൽ എല്ലാ ക്ഷീരകർഷകരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ക്ഷീര വികസന വകുപ്പ് ആരംഭിച്ചു. ഇതിലേക്കായി ഓഗസ്റ്റ് 15 മുതൽ 20 വരെ 6 ദിവസം സംസ്ഥാനത്ത് ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് നടത്തുകയാണ്. ക്ഷീരകർഷകർക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ക്ഷീര കർഷകർ അവരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവയും ആവശ്യമാണ്.

ഇത് സംബന്ധിച്ച സംശയങ്ങൾക്ക് പോർട്ടലിൽ തന്നെ ലഭ്യമായ ഹെൽപ് ഡെസ്ക് നമ്പറുകളിലും, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും, ക്ഷീരസഹകരണ സംഘങ്ങളിലും, ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.
സംഘങ്ങളിൽ പാലൊഴിയ്ക്കുന്നതും അല്ലാത്തതുമായ എല്ലാ ക്ഷീരകർഷകർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വെച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് ഓഗസ്റ്റ് 20 നുള്ളിൽ തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐഡി കരസ്ഥമാക്കേണ്ടതാണ്. ക്ഷീരവികസന വകുപ്പ് മുഖേന നൽകുന്ന എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോർട്ടൽ വഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചു തന്നെ ഭാവിയിൽ മറ്റ് വകുപ്പുകളുടെ ആനുകൂല്യങ്ങളും ഏകജാലക സംവിധാനം വഴി കർഷകർക്ക് ലഭ്യമാക്കാനും ആലോചനയുണ്ട്. ഈ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഓണത്തിന് മുമ്പായി സർക്കാർ പ്രഖ്യാപിച്ച മിൽക് ഇൻസെന്റീവ് ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ആസൂത്രണ ബോർഡ് തദ്ദേശ ഭരണ വകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമഫലമായി കഴിയും