ഇ-സമൃദ്ധ: കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം
പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കൽ ലക്ഷ്യം
രാജ്യത്താദ്യമായി കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) നടപ്പാക്കുകയാണ് ഇ-സമൃദ്ധ പദ്ധതിയിലൂടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. അനിമൽ മാപ്പിങ്/ ട്രേസബിലിറ്റി (Animal mapping/traceability) സാങ്കേതിക വിദ്യയിലൂടെ കർഷകനെയും ഉരുക്കളെയും കോർത്തിണക്കി ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതാണ് ഇ-സമൃദ്ധ പദ്ധതി. മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം ലക്ഷ്യംവെച്ച് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പാൽ ഉൽപ്പാദന ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വർദ്ധിപ്പിക്കാനും കന്നുകാലികളിൽ രോഗ നിർണയം നടത്താനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി) കന്നുകാലികളുടെ ചെവിക്കു താഴെ ഘടിപ്പിക്കും. ഇപ്രകാരം ടാഗു ചെയ്ത കന്നുകളുടെ ഉത്പാദനശേഷിയും ആരോഗ്യവും ഉടമസ്ഥരുടെ വിവരങ്ങളും ഉൾപ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് ഇ-സമൃദ്ധ പദ്ധതിയിലൂടെ ലഭ്യമാകും. നിലവിൽ പത്തനംതിട്ടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇ-സമൃദ്ധ പദ്ധതി നടപ്പാക്കുന്നത്. കാർഡ് റീഡറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്ത ഓരോ കന്നുകാലികളുടെയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി ലഭ്യമാകും. ഇതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും പുതിയതും സങ്കീർണവുമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ഉൽപ്പാദനശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ള കന്നുകാലികളെ കണ്ടെത്തി കൃത്രിമ ബീജസങ്കലനത്തിലൂടെ പാൽ ഉത്പാദനം കൂട്ടി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന അനിമൽ ഐഡന്റിഫിക്കേഷൻ ട്രേസബിലിറ്റി സംവിധാനം വഴി ടാഗ് ചെയ്യപ്പെട്ട കന്നുകാലികളുടെ ഡാറ്റബേസ് രോഗ നിരീക്ഷണം, ഇ-വെറ്റിനറി സർവീസ്, ഇൻഷുറൻസ് അധിഷ്ഠിത സേവനങ്ങൾ, ബ്രീഡിംഗ് മാനേജ്മെന്റ്, ജി.ഐ.എസ്. മാപ്പിംഗ് തുടങ്ങിയവയ്ക്കായി ഉപയോഗിയ്ക്കാം. ക്ഷീരവികസന മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായം സ്വീകരിച്ച് കർഷകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും സംസ്ഥാനത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് പാലുത്പാദനം വർധിപ്പിക്കുന്നതിനും സർക്കാർ നടത്തുന്ന മികച്ച ഇടപെടലിന്റെ ഉദാഹരണമാണ് ഇ സമൃദ്ധ പദ്ധതി.