Dairy village

കേരളം ക്ഷീരസമൃദ്ധമാക്കാൻ ക്ഷീരഗ്രാമം

* 53 ക്ഷീരഗ്രാമങ്ങൾ

* സംരംഭകർക്ക് ധനസഹായം

സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു ക്ഷീരകർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ക്ഷീരഗ്രാമം. ക്ഷീരോല്പാദനത്തിന് കൂടുതൽ സാധ്യതയുളളതും ക്ഷീരവികസനത്തിന് അനുയോജ്യമായതുമായ പൊട്ടൻഷ്യൽ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 2016-17 സാമ്പത്തികവർഷം മുതലാണ് പദ്ധതി നടപ്പാക്കിയത്.

2016-17 ൽ മൂന്ന് പഞ്ചായത്തുകളിലും, 2017-18 കാലഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകളിലും തുടർന്നുളള രണ്ട് സാമ്പത്തികവർഷത്തിൽ 10 പഞ്ചായത്തുകളിൽ വീതവും 2020-21 സാമ്പത്തികവർഷത്തിൽ 25 പഞ്ചായത്തുകളിലും കഴിഞ്ഞ സാമ്പത്തികവർഷത്തിൽ (2021-22) 10 പഞ്ചായത്തുകളിലുമായി ആകെ 63 പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി. ഈ പദ്ധതി മുഖേന ഇതുവരെ 5,936 കറവപ്പശുക്കളെയും 933 കിടാരികളെയും അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചു. ഇപ്രകാരം പാലുൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഉരുക്കളുടെ എണ്ണത്തിലും ആനുപാതിക വർധനവ് ഉണ്ടായി.

ക്ഷീരമേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ സംരംഭകർക്കും നിലവിലുളള ക്ഷീരകർഷകർക്കും പ്രയോജനകരമായ വിവിധ ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭകർക്ക് 2 പശു, 5 പശു ഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും, നിലവിൽ പശുക്കളെ വളർത്തുന്നവർക്ക് സാഹചര്യങ്ങൾക്കനുസരിച്ച് പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, ഫാമുകൾ ആധിനുകവൽക്കരിക്കുന്നതിനും, കാലിത്തൊഴുത്ത് നിർമ്മാണത്തിനും, കറവയന്ത്രം വാങ്ങുന്നതിനും ധാതുലവണ മിശ്രിതം വാങ്ങുന്നതിനും ധനസഹായം നൽകിവരുന്നു. കൂടാതെ, പശുക്കൾക്കൊപ്പം കിടാരികളെക്കൂടി വാങ്ങുന്നതിന് ധനസഹായം നൽകുന്ന കോമ്പോസിറ്റ് ഡയറി യൂണിറ്റ് പദ്ധതിയും ക്ഷീരഗ്രാമം പദ്ധതിയുടെ ഒരു പ്രത്യേക ഘടകമാണ്.

2021-22 സാമ്പത്തികവർഷം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 10 പഞ്ചായത്തുകളിൽ 50 ലക്ഷം രൂപ വീതം ആകെ 500 ലക്ഷം രൂപ ക്ഷീരഗ്രാമം പദ്ധതിക്കായി ചെലവഴിച്ചു. ആദായകരമായ ക്ഷീരോൽപാദനം ഉറപ്പാക്കുന്നതിനും, പാലുൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനുമുള്ള മികച്ച ചുവടുവെപ്പാണ് പദ്ധതി.