The 21st Livestock Census will begin on September 2

21-ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ 2 ന് ആരംഭിക്കും

21-ാമത് കന്നുകാലി സെൻസസ്- സെപ്റ്റംബർ രണ്ടിന് ആരംഭിക്കുമെന്നും വളർത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകി പൊതുജനങ്ങളും കർഷകരും സഹകരിക്കണം.
സെപ്റ്റംബർ 2 മുതൽ മുതൽ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസിനായി വകുപ്പിൽ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു 4 മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര സർക്കാരിന് സമർപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

ആഗസ്ത് 29 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ സംസ്ഥാനതല പരിശീലന പരിപാടി നടക്കും. ആഗസ്ത് 31 ന് എല്ലാ ജില്ലകളിലും ജില്ലാതല പരിശീലന പരിപാടികളും സംഘടിപ്പിക്കും.

1919 മുതലാണ് രാജ്യത്ത് കന്നുകാലി സെൻസസ് ആരംഭിച്ചത്.ഇതിനെ തുടർന്ന് ഓരോ 5 വർഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നതിൽ കന്നുകാലി സാമ്പത്തിനുള്ള പ്രാധാന്യത്തിന്റെ മനസ്സിലാക്കി കൊണ്ട് കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിനും കൂടുതൽ വിശകലനം നടത്തി പോരായ്മകൾ പരിഹരിക്കുന്നതിനും ആണ് ഇത്തരത്തിൽ മൃഗങ്ങളുടെ സമസ്ത വിവരശേഖരണം നടത്തുന്നത്.

മൃഗങ്ങളുടെ ഇനം, പ്രായം, ലിംഗഘടന എന്നിവയുൾപ്പെടെ കന്നുകാലികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെക്കുറിച്ചുള്ള വിശദവും, കൃത്യവുമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് കന്നുകാലി സെൻസസിന്റെ പ്രാഥമികലക്ഷ്യം. അതുവഴി കന്നുകാലി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതിനും, രൂപപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിലവിലെ വിവരങ്ങളുടെയും, പ്രവണതകളുടെയും അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാരിനേയും ഇതര ഏജൻസികളേയും ഇത് സഹായിക്കുകയും ചെയ്യും. ജില്ല / താലൂക്ക് / പഞ്ചായത്ത് / വാർഡ് തിരിച്ചു സെൻസസിലൂടെ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകൾ വികേന്ദ്രീകൃത പദ്ധതി ആസൂത്രണങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയും ചെയ്യും.

കന്നുകാലി മേഖലയിൽ ഉയർന്നുവരുന്ന നൂതന പ്രവണതകൾ പ്രവർത്തന രീതികൾ, അവയിലുള്ള വെല്ലുവിളികൾ എന്നിവ തിരിച്ചറിഞ്ഞു വിശകലനം ചെയ്തു പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിനും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും ഈ വിവരങ്ങൾ വളരെയധികം വിലപ്പെട്ടതാണ്.

2024 സെപ്റ്റംബർ 2 മുതൽ ഡിസംബർ 31 വരെ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിലുള്ള നാട്ടാന ഉൾപ്പെടെയുള്ള വിവിധയിനം മൃഗങ്ങളുടെയും കോഴിവർഗ്ഗത്തിൽപെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകൾ, കശാപ്പുശാലകൾ, മാംസസംസ്‌കരണ പ്ലാന്റുകൾ, ഗോശാലകൾ മുതലായവയുടെ വിവരങ്ങളും ശേഖരിക്കുന്നതാണ്.

സെൻസസിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ഇന്ത്യയൊട്ടാകെ ഒരേ സമയം നടക്കുന്ന കന്നുകാലി സെൻസസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് ഗോവയിൽ വച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രാഥമികതല പരിശീലനം നൽകിക്കഴിഞ്ഞു.