സമഗ്രപേവിഷ നിയന്ത്രണ പദ്ധതി
സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നു മുതൽ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് സമഗ്രപേവിഷ നിയന്ത്രണ പദ്ധതി ആരംഭിയ്ക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. മുൻ വർഷവും സെപ്റ്റംബറിൽ ആണ് വാക്സിനേഷൻ ക്യാമ്പയിൻ നടത്തിയത്. ആയതിന്റെ തുടർച്ചയായി ഈ വർഷവും സംസ്ഥാന വ്യാപകമായി വിപുലമായ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തവണ മിഷൻ റാബിസ്’ എന്ന മൃഗ ക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണവും പദ്ധതിക്ക് ഉണ്ടാകും. പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് വേണ്ടി ആവശ്യമായ വാക്സിനേഷൻ സ്ക്വാഡുകൾ എല്ലാ ജില്ലകളിലും വകുപ്പ് രൂപീകരിക്കുകയും, സ്ക്വാഡ് അംഗങ്ങൾക്ക് ആരോഗ്യവകുപ്പിൽ നിന്നും പേവിഷ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നായ്ക്കളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് ആവശ്യമായ പേവിഷ പ്രതിരോധ വാക്സിനും മറ്റ് അനുബന്ധസാമഗ്രികളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്പിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൃഗാശുപത്രികളിൽ നിന്ന് നൽകും. ആയതിന്റെ അടിസ്ഥാനത്തിൽ നായ ഉടമസ്ഥർക്ക് അതാതു തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിച്ച പദ്ധതിയുടെ ഭാഗമായാണ് തെരുവ് നായ്ക്കളിൽ വാക്സിനേഷൻ നൽകുന്നത് . തെരുവ് നായ്ക്കളിൽ വാക്സിനേഷൻ നൽകുന്നതിനായി ആവശ്യമായ ഡോഗ് ക്യാച്ചർമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും മൃഗ ക്ഷേമ സംഘടനകളെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്.