കേരള വെറ്റിറിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന പദ്ധതിയായ സമന്വയം ആരംഭിച്ചു. സമന്വയം സെന്ററായി തെരെഞ്ഞെടുത്തത് ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയാണ്. വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരള വെറ്റിറിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ വെറ്റിറിനറി സർവ്വകലാശാല. കേരളത്തിലെ പതിനാലു ജില്ലകളിൽ 6 ജില്ലകളിൽ മാത്രമാണ് ഇതുവരെ യൂണിവേഴ്സിറ്റിക്ക് ക്യാമ്പസ്സുകളും ഗവേഷണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സർവ്വകലാശാലക്ക് സാന്നിധ്യമില്ലാത്ത മറ്റു ജില്ലകളിൽകൂടി സർവ്വകലാശാലയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ജില്ലകളിൽ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ എ-പ്ലസ്സ് ഗ്രേഡ് ഗ്രന്ഥശാലയായ സന്മാർഗ്ഗദായിനി സ്മാരക വായനശാലയാണ് ഈ പദ്ധതി പ്രകാരം കേരളത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സമന്വയം സബ്ബ് സെന്റർ. മൃഗ സംരക്ഷണം ക്ഷീര വികസനം മേഖലയിൽ സർവ്വകലാശാലയുടെയും വകുപ്പിന്റെയും വിധ പദ്ധതികളും പരിപാടികളും സമന്വയം സെന്ററിലൂടെ സാധാരണ കർഷകരിലേക്ക് എത്തിക്കുക, കർഷകർക്ക് വേണ്ട പരിശീലനങ്ങൾ, ക്ലാസുകൾ സംഘടിപ്പിക്കുക, മൃഗസംരക്ഷണ മേഖലയിൽ അറിവ് നൽകുന്ന വിജ്ഞാന കേന്ദ്രമായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമന്വയം പദ്ധതിക്ക് പിന്നിലുള്ളത്.