മൃഗസംരക്ഷണ മേഖലയിൽ കൈക്കൊള്ളേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ
കോഴിക്കോട് ജില്ലയിൽ മരുതോൻകര പഞ്ചായത്തിൽ നിപ്പ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിൽ കൈക്കൊള്ളേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു .
• മനുഷ്യരേയും മൃഗങ്ങളേയും ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമാണ് നിപ്പ രോഗബാധ.
• ഇതൊരു വൈറസ് രോഗമാണ്.
• പഴംതീനി വവ്വാലുകൾ ഈ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലുകൾ സാധാരണയായി യാതൊരു രോഗലക്ഷണങ്ങൾ കാണിക്കുകയോ, മരണപ്പെടുകയോ ചെയ്യുന്നില്ല.
• സാധാരണയായി നിപ്പ വൈറസ് വവ്വാലുകളിൽ നിന്നും പന്നികളിലേക്ക് പടരുകയും, പിന്നീട് പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പടരുകയുമാണ് ചെയ്യുന്നത്.
• വവ്വാലുകളിൽ നിന്ന് നേരിട്ടും രോഗം മനുഷ്യരിലേക്ക് പടരാം.
• വവ്വാലുകൾ കടിച്ച ഫലങ്ങളിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാം.
• ഉമിനീരും, വിസർജ്യങ്ങളും പുരണ്ട ഫലങ്ങൾ ഭക്ഷിക്കുന്നത് വഴി പന്നികൾക്കും മനുഷ്യർക്കും രോഗം പകരാം.
• നായ, പൂച്ച എന്നീ ജീവികളേയും രോഗം ബാധിക്കാമെങ്കിലും അവർ രോഗം പടർത്തുന്നതിന് കാരണമാകുന്നില്ല .
• രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാം.
• വവ്വാലുകളുടേയും രോഗബാധയേറ്റ മൃഗങ്ങളുടേയും എല്ലാ സ്രവങ്ങളിലും, വിസർജ്യങ്ങളിലും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാവും.
• ചൂടേൽക്കുമ്പോൾ നശിക്കുന്ന ഒരു വൈറസാണ് നിപ്പാ വൈറസ്.
• പന്നികളിൽ സാധാരണയായി ശ്വാസകോശത്തേയും നാഡീവ്യൂഹത്തേയും ബാധിക്കുന്നു . പന്നികളിലെ കടുത്ത ചുമ ഒരു പ്രധാന രോഗലക്ഷണമാണ് . പട്ടികളുടെ കുരയുമായി സമാനമായ ചുമയുണ്ടാകുന്നതിനാൽ “Barking Pig Syndrome ” എന്നും ഈ രോഗത്തെ പന്നികളിൽ പ്രതിപാദിക്കാറുണ്ട്.
• പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു.
• നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ വിറയൽ , ശരീരം കോച്ചിപ്പിടിക്കുക, അപസ്മാരസമാനമായ ലക്ഷണങ്ങൾ, പക്ഷാഘാതം എന്നിവയും കാണപ്പെടാം . ശരീരത്തിന്റെ പ്രതിരോധശേഷിയനുസരിച്ചു ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതേയും ഇരിക്കാം .
• പ്രായമായ പന്നികളിൽ പൊതുവെ മരണനിരക്ക് കുറവാണ് . പന്നികുട്ടികളിൽ മരണം സംഭവിക്കാറുണ്ട് .
• പൊതുവെ പന്നികളിൽ രോഗം പെട്ടെന്ന് പടർന്നുപിടിക്കും.
• മേൽപറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ കർഷകർ എത്രയും പെട്ടെന്ന് അടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കേണ്ടതാണ് .
• മൃഗാശുപത്രിയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും, ജാഗ്രത പുലർത്തുവാനും ശ്രമിക്കുക .
• അസ്വാഭാവിക മരണങ്ങൾ പന്നികളിലും, മറ്റുമൃഗങ്ങളിലും ശ്രദ്ധിക്കപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക .
• ഫാമുകളിൽ ശുചിത്വവും കൃത്യമായ അണുനശീകരണവും നടത്തുവാൻ ശ്രദ്ധിക്കുക. (കുമ്മായം, അലക്കുകാരം, ബ്ലീച്ചിങ്ങ് പൗഡർ തുടങ്ങിയവ അണുനശീകരണത്തിനു ഉപയോഗിക്കാവുന്നതാണ് )
• ഫാമുകളിൽ മരണപ്പെടുന്ന മൃഗങ്ങളുടെ ശവശരീരങ്ങൾ കുമ്മായം ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചിടുകയോ, ശാസ്ത്രീയമായി കത്തിക്കുകയോ ചെയ്യാവുന്നതാണ് .
• ഫാമുകളുടെ പരിസരങ്ങളിൽ വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ ചില്ലകൾ കോതിമാറ്റുകയോ, ഫലവൃക്ഷങ്ങളിൽ വവ്വാലുകൾ പ്രവേശിക്കാതെയിരിക്കാൻ നെറ്റ് ഉപയോഗിച്ച് മൂടുകയോ ചെയ്യാവുന്നതാണ് .
• മൃഗങ്ങളെ കൈകാര്യം ചെയ്തതിനു ശേഷം സോപ്പും, വെള്ളവും ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം . വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
• രോഗം നിലനിൽക്കുന്ന മേഖലകളിൽ പുതുതായി മൃഗങ്ങളെ വാങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക .
• രോഗസാന്നിധ്യമുള്ള പ്രദേശങ്ങളിൽ വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ ചുവട്ടിലും , സമീപത്തും പോകാതിരിക്കുക.
• കേരളത്തിൽ ഇതുവരെ വളർത്തു മൃഗങ്ങളിൽ രോഗം ഉണ്ടാവുകയോ , അവരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയോ ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലയിൽ നിപ്പാ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൂടിയ അടിയന്തര യോഗത്തിന്റെ തീരുമാനങ്ങൾ
കോഴിക്കോട് ജില്ലയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന് ഒരു ടീമിനെ നിയോഗിച്ചു.
രോഗപ്രഭവ കേന്ദ്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഏതെങ്കിലും പന്നിഫാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കുവാനും അവയെ നിരീക്ഷിക്കുവാനും ചീഫ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിൽ ഒരു ജില്ലാ സർവൈലൻസ് ടീമിനെ നിയോഗിച്ചു.
കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിനെ കോഴിക്കോട് ജില്ലക്ക് വേണ്ട സാങ്കേതിക സഹായത്തിനായി നിയോഗിച്ചു.
നിപ്പ രോഗ നിയന്ത്രണത്തിന് മുൻ പരിചയം ഉള്ള ഉദ്യോഗസ്ഥരെ സാമ്പിൾ ശേഖരണത്തിനും സർവൈലൻസിനുമായി നിയോഗിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.
കോഴിക്കോട് ജില്ലയിലെ കർഷകർക്ക് വേണ്ട ബോധവൽക്കരണം നൽകുന്നതിന് അതാത് ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ മാർക്ക് നിർദ്ദേശം നൽകി.