മൃഗസംരക്ഷണത്തിന് കൈത്താങ്ങായി കുടുംബശ്രീ വനിതകൾ
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നാന്നൂറ്റി മുപ്പത്തിഒൻപത് പേർ “എ ഹെൽപ്പ്” പരിശീലനം പൂർത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുന്നു. കുടുംബശ്രീ തിരഞ്ഞെടുത്തു നൽകുന്ന പശുസഖിമാർക്ക് പതിനാറു ദിവസത്തെ എ ഹെൽപ്പ് പരിശീലനം നൽകുന്നത് മൃഗസംരക്ഷണ വകുപ്പാണ്. പതിനേഴാം ദിവസം നാഷണൽ അക്കാഡമി ഓഫ് റഡ്സെറ്റിയാണ് ഇവർക്ക് അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആന്റ് എക്സ്റ്റൻഷൻ ഇൻ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ അഥവാ എ ഹെൽപ്പായി അക്രഡിറ്റേഷൻ നൽകുന്നത്. ദേശീയതലത്തിൽ എ ഹെൽപ്പ് പരിശീലനത്തിന് ചുക്കാൻ പിടിയ്ക്കുന്നത് ദേശീയ ക്ഷീരവികസന ബോർഡാണ്. കേരളത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്, വാഗമൺ, ആലുവ, മലമ്പുഴ, മുണ്ടയാട്, സുൽത്താൻബെത്തേരി എന്നിവിടങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററുകളിൽ വച്ചാണ് പരിശീലനം നടത്തുന്നത്. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോർഡിൽ വച്ച് പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരാണ് എ ഹെൽപ്പിനെ പരിശീലിപ്പിയ്ക്കുന്നത്.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന എ ഹെൽപ്പ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും, ഒപ്പം, പാൽ, മുട്ട, ഇറച്ചി എന്നിവയുടെ ഉൽപ്പാദനം കൂട്ടുന്നതിനും ലക്ഷ്യമിടുന്നു. മൃഗസംരക്ഷണമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ കർഷകരുടെ അടുക്കൽ എത്തിയ്ക്കുകയും, കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കയുമാണ് എ ഹെൽപ്പുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വളർത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും, പാലുൽപ്പാദന വർദ്ധനവിനും സഹായിയ്ക്കുന്ന വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്തുന്ന ഏജന്റുമാർകൂടിയാണ് എ ഹെൽപ്പ്.