Animal welfare activities should set an example for society

മൃഗക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാകണം

കേന്ദ്ര, സംസ്ഥാന മൃഗക്ഷേമ ബോർഡംഗങ്ങളുടെയും മൃഗക്ഷേമ സംഘടനകളുടെയും സംയുക്തയോഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
സമൂഹത്തിന് മാതൃക തീർക്കുന്ന മൃഗക്ഷേമപ്രവർത്തനങ്ങളാകണം മൃഗസ്നേഹികൾ അനുവർത്തിക്കേണ്ടത്. തെരുവ്നായ്ക്കളുടെ നിയന്ത്രണത്തിനായി പെറ്റ്ഷോപ്പ് റൂൾസ് കർശനമായി നടപ്പിലാക്കും. തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരോട് പോലീസും പൊതുജനങ്ങളും പാലിക്കേണ്ട പെരുമാറ്റരീതികളെക്കുറിച്ച് ബോധവൽക്കരണം നൽകും.

തെരുവ്നായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്സിനേഷനുമായി ത്രിതലപഞ്ചായത്തുകൾ നീക്കിവെക്കുന്ന തുക വിനിയോഗിക്കൽ സമയബന്ധിതമായി നടപ്പിലാക്കിയാലേ പദ്ധതി ലക്ഷ്യം കൈവരിക്കാനാകൂ. നിലവിൽ സംസ്ഥാനത്ത് 22 വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒമ്പത് എബിസി കേന്ദ്രങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 50 സെന്റിലും ഒരേക്കറിലും സ്ഥിതി ചെയ്യുന്ന മൃഗാശുപത്രികളോട് ചേർന്ന് പതിനാല് എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലുണ്ട്.
മൃഗക്ഷേമപ്രവർത്തകർ നടത്തുന്ന ഷെൽട്ടറുകളിൽ മിക്കതും സമയത്തിന് ദത്തെടുക്കൽ പോലുള്ള കാര്യങ്ങൾ വൈകുന്നതും വൃത്തിഹീനമായ രീതിയിൽ പാർപ്പിക്കുന്നതുമായ പരാതികൾ പരിശോധിക്കും. തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ഒരേ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചാൽ അവിടങ്ങളിലെ ആക്രമണസാധ്യത ഇരട്ടിയായിരിക്കും. അതുകൊണ്ട് അത്തരം സാധ്യതകൾ കൂടി പരിശോധിച്ച ശേഷമേ ഫീഡിംഗ് പോയിന്റ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവു. സ്കൂളുകകളിൽ അനിമൽ വെൽഫെയർ ക്ലബ്ബുകൾ രൂപീകരിച്ച് നായ്ക്കളിൽ നിന്നും ഓടിയൊളിക്കുന്നതിന് പകരം ശാസ്ത്രീയമായി നേരിടാനുള്ള പ്രായോഗിക ബോധവൽക്കരണ ക്ലാസുകൾ നൽകാൻ യോഗത്തിൽ നിർദ്ദേശമുയർന്നു.