കേരളത്തിലെ ക്ഷീരകർഷകരും സഹകരണ സംഘടനയായ മലബാർ റീജിയണൽ മിൽക്ക് യൂണിയനും അയൽ സംസ്ഥാനമായ കർണാടകയില്‍ നിന്നാണ് ചോളം, നേപ്പിയര്‍ ഗ്രാസ്, സൈലേജ് തുടങ്ങിയവ വാങ്ങുന്നത്. കർണാടകയിൽ നിന്ന് കാലിത്തീറ്റയും പുല്ലും വാങ്ങുന്നതിന് കേരള സർക്കാരും മിൽക്ക് യൂണിയനുകളും സബ്സിഡിയും കർഷകർക്ക് നൽകി വരുന്നുണ്ട്. ഇത്തരത്തിൽ കർണാടകയിൽ നിന്നും കേരളത്തിലെ കർഷകർ വാങ്ങുന്ന ഉൽപ്പന്നങ്ങൾ കൂടുതലും ലഭ്യമാകുന്നത് കർണാടകയിലെ ചാമരാജ് ജില്ലയിൽ നിന്നുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചാമരാജ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് ജില്ലയ്ക്ക് പുറത്തേക്ക് തീറ്റപ്പുല്ലും, കാലിതീറ്റയും കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തുകയുണ്ടായി. ഇത് ക്ഷീര കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണ്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കർണാടകയുടെ ക്ഷീരവികസന വകുപ്പ് മന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും ഉത്തരവ് പിൻവലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുണ്ട്.