Mainly the following changes have been made in the new rules

ഫാം ലൈസൻസിങ് ചട്ടങ്ങൾ പരിഷ്‌കരിച്ചു

ഫാം ലൈസൻസിങ് ചട്ടങ്ങൾ കർഷക-സംരംഭക സൗഹൃദപരമായി പരിഷ്‌കരിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൃഗസംരക്ഷണ മേഖലയിലെ സാധാരണ കർഷകർക്കും പുതു സംരംഭകർക്കും വരുമാന വർദ്ധനവിന് സഹായകരമാകുന്നതുമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ.

2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസിന് ചട്ടങ്ങളാണ് തദ്ദേശ സ്വയഭരണ വകുപ്പ് ഭേദഗതി ചെയ്തു പുറത്തിറക്കിയത്. പരിഷ്ക്കരിച്ച ചട്ടങ്ങൾ പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളിൽ ഫാമുകൾ തുടങ്ങുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ നിരവധി ഇളവുകൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ ഫാമിങ്ങ് മേഖലയിൽ കൂടുതൽ സംരംഭകർ കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇനി മുതൽ കർഷകന്/സംരംഭകന് കൂടുതൽ മൃഗാദികളെ വളർത്തുന്ന സാഹചര്യത്തിൽ മാത്രം ലൈസൻസ് മതിയാകും. കൃത്യമായതും മതിയായ രേഖകളോടും കൂടി സമർപ്പിക്കുന്ന അപേക്ഷകൾ 2 ആഴ്ചയ്ക്കുള്ളിൽ ആവശ്യമായ പരിശോധനകൾ നടത്തി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ പരിഷ്ക്കരിച്ചിട്ടുള്ളത്.

പ്രധാനമായും താഴെപറയുന്ന മാറ്റങ്ങളാണ് പുതിയ ചട്ടങ്ങളിൽ വരുത്തിയിട്ടുണ്ട്

1. നിലവിലുള്ള ചട്ടങ്ങളിൽ ലൈസൻസ് ആവശ്യമായ ഫാമിൽ വളർത്താവുന്ന പക്ഷിമൃഗാദികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

പുതുക്കിയ ചട്ടങ്ങൾ പ്രകാരം 10 ൽ താഴെ കന്നുകാലികളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട. (നിലവിൽ 5 കന്നുകാലികൾ വരെയുള്ള ഫാമുകൾക്ക് ലൈസൻസ് വേണമായിരുന്നു).
50 ൽ താഴെ ആടുകളെ വളർത്തുന്ന ഫാമുകൾക്കും ലൈസൻസ് ആവശ്യമില്ല. (നിലവിൽ 20 ആടുകളെ വരെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ് വേണമായിരുന്നു).
5 ൽ താഴെ പന്നികളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് ആവശ്യമില്ല. (നിലവിലെ നിബന്ധനയിൽ മാറ്റമില്ല)
50 ൽ താഴെ മുയലുകളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട.(നിലവിൽ 25 മുയലുകളെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ് വേണമായിരുന്നു).
500ൽ താഴെ കോഴികളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട (നിലവിൽ 100 പക്ഷികളെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ് വേണമായിരുന്നു).
1000 ൽ താഴെ കാടക്കോഴികളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട.(പുതിയ ചട്ടം )
50 ൽ താഴെ ടർക്കി കോഴികളെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട.(പുതിയ ചട്ടം )
15 എമു പക്ഷികളെ വരെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട .(പുതിയ ചട്ടം )
2 ഒട്ടക പക്ഷികളെ വരെ വളർത്തുന്ന ഫാമുകൾക്കു ലൈസൻസ് വേണ്ട.(പുതിയ ചട്ടം )

2. പക്ഷി മൃഗാദികളുടെ എണ്ണം അനുസരിച്ച് ഫാമുകളുടെ തരംതിരിക്കലിലും ഭേദഗതി വരുത്തിയിട്ടുണ്ട്. മൃഗങ്ങളുടെ/ പക്ഷികളുടെ എണ്ണത്തിനനുസരിച്ചു ഫാമുകളെ 6 വിധത്തിലാണ് തരം തിരിച്ചിട്ടുള്ളത്.
3. പൊതു ജനങ്ങൾക്ക് ശല്യം ഉണ്ടാവാത്ത തരത്തിൽ ഫാമിലെ മാലിന്യം സംസ്കരിക്കുവാനുള്ള ക്രമീകരണത്തിൽ നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ മറ്റുള്ള ക്രമീകരണങ്ങൾ കൂടി നിർബന്ധമാക്കി.

4. പന്നി ഫാമുകളും ആയി ബന്ധപ്പെട്ട മാലിന്യ നിർമ്മാജനത്തിനും പന്നികൾക്കുള്ള തീറ്റ ലഭ്യമാക്കുന്നതിനും സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുതുക്കിയ ചട്ടത്തിൽ ഉൾപ്പെടുത്തി. ഫാമുകളിലെ ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് കർഷകർക്കും സംരംഭകർക്കും സഹായകരമാകുന്ന രീതിയിലും പൊതുജനത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുള്ളത്.
ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ വിളിച്ചുകൂട്ടിയ യോഗതീരുമാനപ്രകാരമാണ് ചട്ടങ്ങൾ പരിഷ്കരിച്ച് പുറത്തിറക്കിയിട്ടുള്ളത്. മുൻസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ഫാം ലൈസൻസ് ചട്ട നിർമ്മാണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പരിഷ്കരണം എന്നിവയ്ക്കും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആയതും ഉടൻ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നതാണ്.