Milk Production Incentive Scheme

പാൽ ഉൽപാദന ഇൻസന്റീവ് നൽകൽ പദ്ധതി

ക്ഷീരകർഷകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഏറ്റവും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോർട്ടൽ രൂപകല്പന ചെയ്തിട്ടുള്ളത്. എല്ലാ ക്ഷീരകർഷകരെയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക വഴി ക്ഷീര കർഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തി ഉൽപ്പാദന ബോണസ് പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് ദ്രുതഗതിയിൽ ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ 20 വരെ 6 ദിവസമാണ് രജിസ്ട്രേഷൻ ഡ്രൈവ് നടപ്പിലാക്കുക. നിലവിൽ രണ്ട് ലക്ഷത്തോളം കർഷകരാണ് 3600 ഓളം ക്ഷീര സംഘങ്ങൾ മുഖേന പാൽ നൽകി വരുന്നത്. ഈ കർഷകരെ രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവിന്റെ പ്രാഥമിക ലക്ഷ്യം. തുടർന്ന് ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളിൽ പാലൊഴിക്കാത്ത ക്ഷീരകർഷകരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതാണ്. കേരളത്തിൽ ഉടനീളമുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വെച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ആധാർ രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിന് ഗണ്യമായ പങ്കുവഹിച്ച 2700 ഓളം അക്ഷയ കേന്ദ്രങ്ങൾ മുഖേനയും 3600 ഓളം ക്ഷീര സംഘങ്ങൾ മുഖേനയും ഈ ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് ത്വരിതഗതിയിൽ പൂർത്തീകരിക്കാവുന്നതാണ്.

ക്ഷീരകർഷകർക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളിൽ തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐഡി കരസ്ഥമാക്കേണ്ടതാണ്.

വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്ന സർക്കാർ നയത്തിനനുസൃതമായി ഭാവിയിൽ ക്ഷീരവികസന വകുപ്പ് മുഖേന നൽകുന്ന എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോർട്ടൽ വഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചു തന്നെ ഭാവിയിൽ മിൽമ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആനുകൂല്യങ്ങളും single sign on വഴി കർഷകർക്ക് ലഭ്യമാക്കാനാകും.

ഈ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഓണത്തിന് മുമ്പായി സർക്കാർ പ്രഖ്യാപിച്ച മിൽക് ഇൻസെന്റീവ് ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ആസൂത്രണ ബോർഡ് തദ്ദേശ ഭരണ വകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമഫലമായി കഴിയും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ക്ഷീര കർഷകർ അവരുടെ ഫോട്ടോ , ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ നല്കുകയും വേണം.
കൂടാതെ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് പോർട്ടലിൽ തന്നെ ലഭ്യമായ ഹെൽപ് ഡെസ്ക് നമ്പറുകളിലും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും ക്ഷീരസഹകരണ സംഘങ്ങളിലും ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.