Projects aimed at self-sufficiency in milk production; Helping 8 lakh dairy farming families

പാൽ ഉല്പാദന സ്വയംപര്യാപ്തത ലക്ഷ്യമാക്കി പദ്ധതികൾ ; 8 ലക്ഷം ക്ഷീരകർഷക കുടുംബങ്ങൾക്ക് കൈത്താങ്ങ്

ക്ഷീരകർഷകരുടെ സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ്. ഉല്പാദനച്ചെലവ് കുറക്കുക, ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാൽ-പാലുല്പന്നങ്ങൾ ലഭ്യമാക്കുക, പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുക, പാൽ-പാലുല്പന്ന ഉപഭോഗത്തിലൂടെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുക തുടങ്ങിയ സർക്കാർ ഇടപെടലുകളിലൂടെ സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് കേരളത്തിന്റെ ക്ഷീര മേഖല. 2022-23 വർഷം കേരളത്തിന്റെ ആകെ പാൽ ഉത്പാദനം 25.79 ലക്ഷം മെട്രിക്ക് ടണ്ണാണ്. ക്ഷീരമേഖലയിൽ ഏകദേശം 8 ലക്ഷം കുടുംബങ്ങൾ പശു വളർത്തൽ പ്രധാന വരുമാന മാർഗ്ഗമായോ ഉപവരുമാന സ്രോതസ്സായോ ഉപയോഗപ്പെടുത്തുന്നു. പശു വളർത്തലിനെ പ്രധാനമായും ആശ്രയിക്കുന്നത് ചെറുകിട-നാമമാത്ര കർഷകരും, കർഷകതൊഴിലാളികളുമാണ്.

പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങളായ ക്ഷീര സഹകരണസംഘങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. സംസ്ഥാനത്ത് ഉപഭോഗത്തിന് ആനുപാതികമായി പാൽ ഉത്പാദനത്തിൽ ദൈനംദിനം 12 ലക്ഷം ലിറ്ററിന്റെ കുറവാണുള്ളത്. ഈ കുറവ് പരിഹരിക്കുന്നതിനായി സർക്കാർ വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. സർക്കാർ നടപ്പിലാക്കിയ ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക് പദ്ധതി, ഉരുക്കളെ വാങ്ങുന്നതിനുള്ള പദ്ധതി, പുൽകൃഷി വികസന പദ്ധതികൾ, ഡെയറി ഫാം നവീകരണ / ആധുനികവത്ക്കരണ പദ്ധതി, ക്ഷീരസഹകരണ സംഘങ്ങളേയും ക്ഷീരസഹകരണ മേഖലയേയും ശാക്തീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ, പ്രത്യേക ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, കാലിത്തീറ്റ സബ്‌സിഡി പദ്ധതി, എന്നിവയെല്ലാം സംസ്ഥാനത്തെ ക്ഷീരവികസന രംഗം ശാക്തീകരിക്കുവാനും സുസ്ഥിരത പുലർത്തുവാനും സഹായിച്ചവയാണ്.

2024-25 വർഷത്തെ പദ്ധതികളിലൂടെ 5000 കറവ പശുക്കളെ സർക്കാർ ധനസഹായത്തോടെ കർഷകർക്ക് നൽകുന്നത് വഴി പ്രതിവർഷം 162 ലക്ഷം ലിറ്റർ പാൽ അധികമായി ഉത്പാദിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ 11 ജില്ലകളിൽ ഇതിനായുള്ള കിടാരി പാർക്കുകൾ ആരംഭിച്ച് കഴിഞ്ഞു. കേരളത്തിലെ അതിദരിദ്രരായ മനുഷ്യരുടെ അതീജിവനത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് 2022-23 ലെ വാർഷിക പദ്ധതിയായ മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് എന്ന പദ്ധതിയിലെ ഒരു പ്രത്യേക ഘടകമായി ഉൾപ്പെടുത്തി അതിദരിദ്രർക്ക് ഒരു പശുവിനെ 90 ശതമാനം ധനസഹായത്തോടെ നൽകുന്നതിനുള്ള കർമ്മ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.

ക്ഷീരഗ്രാമം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ മാതൃകാ ക്ഷീരഗ്രാമങ്ങളാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട 40 പഞ്ചായത്തുകളിൽ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് നടത്തുന്നത്്. ഇതിലേയ്ക്കായി സർക്കാർ 10 കോടി രൂപ വകയിരുത്തിട്ടുമുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിൽ 23.50 കോടി രൂപ സംസ്ഥാന ബജറ്റിൽ നിന്നും തീറ്റപ്പുൽവികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 6674 ഹെക്ടർ സ്ഥലത്ത് അധികമായി തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുവാൻ സാധിച്ചതു വഴി 11.34 ലക്ഷം മെട്രിക്ക് ടൺ തീറ്റപ്പുല്ലിന്റെ അധിക ഉല്പാദനം സാധ്യമായി. 2302 ഹെക്ടർ സ്ഥലത്ത് തീറ്റപുൽകൃഷി വ്യാപിക്കുന്നതിനുള്ള പ്രാരംഭനടപടികൾ തുടങ്ങി കഴിഞ്ഞു. ക്ഷീരകർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളാ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ഒരു പ്രധാന പങ്ക് വഹിച്ചു വരുന്നു. നിലവിൽ 56299 പേർക്ക് പ്രതിമാസ പെൻഷനും 3271 പേർക്ക് കുടുംബ പെൻഷനും നൽകി വരുന്നു. ക്ഷീരസഹകരണ മേഖലയുടെ ശാക്തീകരണത്തിനായി പ്രതിവർഷം ഏകദേശം 22.5 കോടി രൂപ വർഷം ചെലവഴിക്കുവാനാണു വകുപ്പ് ലക്ഷ്യമിടുന്നത്.

ക്ഷീരസംഘങ്ങളെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനും സംസ്ഥാനത്തൊട്ടാകെ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പിലാക്കിയ പ്രധാന ചുവടുവെപ്പാണ് ”ക്ഷീരശ്രീ” പോർട്ടൽ. കൂടുതൽ വിവരങ്ങൾക്ക് : ksheerasree.kerala.gov.in. മിൽമയുടെ പാൽസംഭരണ വിപണന ശൃംഖലയിലെ കണ്ണികളാണ് ക്ഷീര സംഘങ്ങൾ. 3.97 ലക്ഷം കർഷകർ 3608 ക്ഷീരസംഘങ്ങളിൽ അംഗത്വം എടുത്തിട്ടുണ്ട്. നിലവിൽ ഏകദേശം 2 ലക്ഷം കർഷകർ ദൈനംദിനം ഈ ക്ഷീരസംഘങ്ങളിലൂടെ പാൽ അളക്കുന്നു. ക്ഷീരസംഘങ്ങളിലൂടെയുള്ള പാൽ സംഭരണം ഏകദേശം 7 ലക്ഷം മെട്രിക്ക് ടണ്ണാണ്. അതായത് ആകെ ഉത്പാദനത്തിന്റെ 27 ശതമാനത്തോളം പാൽ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ച് വിതരണം ചെയ്തു വരുന്നു.

ക്ഷീരവികസന രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന്റെ 2 വർഷങ്ങൾ ആണ് പിന്നിട്ടത് . തുടർന്നും ഈ രംഗത്ത് നൂതന കർമ്മപരിപാടികൾ ആവിഷ്‌കരിച്ച് ക്ഷീരകർഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നത്തിനുള്ള പദ്ധതികളും സേവനങ്ങളും നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്.