കേരള കാലിത്തീറ്റ -കോഴിത്തീറ്റ-ധാതുലവണ മിശ്രിത (ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ ബിൽ) നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി 21അംഗ സംഘം പഞ്ചാബ് സന്ദർശിയ്ക്കുന്നു. പഞ്ചാബിൽ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ -കോഴിത്തീറ്റ- ധാതുലവണ മിശ്രിത (ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ ബിൽ) നിയമത്തിന്റെ പ്രായോഗിക വശങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയുമാണ് സന്ദർശന ലക്ഷ്യം. പാലുൽപാദനത്തിൽ പഞ്ചാബിനു പിറകിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ലക്ഷക്കണക്കിനു കർഷകരുടെ ഉപജീവനമാർഗമാണ് ക്ഷീരമേഖല. കേരളത്തിൽ ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേൻമയുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്. കന്നുകാലികൾക്ക് നൽകുന്ന പരുഷാഹാരത്തിലുൾപ്പെടുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യതക്കുറവും കേരളത്തിൽ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു. കേന്ദ്ര സർക്കാരിന്റെ കിസാൻ റെയിൽ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബിൽ നിന്നും വൈക്കോൽ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായി. കാലിത്തീറ്റ -കോഴിത്തീറ്റ- ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണത്തിൽ പരസ്പര സഹകരണം സാധ്യമാക്കും. ദേശീയതലത്തിൽ ആളോഹരി പാൽ, മുട്ട ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന പഞ്ചാബിലെ സന്ദർശനത്തിലൂടെ കേരളത്തിലെ ക്ഷീരമേഖലയ്ക്കു പുത്തനുണർവ് പകരുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിയ്ക്കുന്നതിന് സഹായകരമായി.