Bird flu: Compensation amount for farmers to be distributed next week

പക്ഷിപ്പനി:കർഷകർക്കുള്ള നഷ്ടപരിഹാര തുക അടുത്തയാഴ്ച വിതരണംചെയ്യും

പക്ഷിപ്പനി കാരണം കോഴി ,താറാവ് ഉൾപ്പെടെയുള്ള പക്ഷികൾ മരണപ്പെട്ടതിനും പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി കൾ ചെയ്യുകയും ചെയ്ത പക്ഷികൾക്കുള്ള നഷ്ടപരിഹാര തുക കർഷകർക്ക് അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴജില്ലയിലെ 899 കർഷകർക്കും പത്തനംതിട്ട ജില്ലയിലെ 48 കർഷകർക്കും കോട്ടയം ജില്ലയിലെ 213 കർഷകർക്കുമായി 3.06 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ധനകാര്യ വകുപ്പിൽ നിന്നും ഇന്ന് ക്ലിയറൻസ് ലഭിക്കുകയും ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കയും ചെയ്തു കഴിഞ്ഞു.

2024 ഏപ്രിൽ മാസത്തിൽ ആലപ്പുഴ ജില്ലയിൽ പൊട്ടി പുറപ്പെട്ട പക്ഷിപ്പനി കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പടർന്നു പിടിക്കുകയും സർക്കാർ ഫാമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

2024 ൽ പക്ഷിപ്പനി ബാധിച്ച് 63208 പക്ഷികൾ മരണപ്പെടുകയും പ്രതിരോധ നിയന്ത്രണ പരിപാടികളുടെ ഭാഗമായി 192628 പക്ഷികളെ കൾ ചെയ്യുകയും 99104 കിലോ തീറ്റയും 41162 മുട്ടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ പക്ഷിപ്പനി ബാധ മൂലം സർക്കാർ ഫാമുകളിൽ 80 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.