ദുരന്ത മേഖലയ്ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്
വയനാട് ജില്ലയിൽ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ ജൂലൈ 30 ന് ഉണ്ടായ വൻഉരുൾപൊട്ടലും, പേമാരിയേയും തുടർന്ന് മൃഗസംരക്ഷണ ക്ഷീരമേഖലയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും, കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുമായി സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി വയനാട് കളക്ടറേറ്റിൽ വച്ച് അവലോകന യോഗം ചേർന്നു.
നിലവിൽ ഏകദേശം നൂറോളം കന്നുകാലികൾ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യക്തമായ കണക്കുകൾ പൂർണ്ണമായി ലഭ്യമായിട്ടില്ല. പ്രളയ മഴക്കെടുതിയിൽ ജില്ലയിൽ ഏകദേശം 750 ഏക്കറോളം പുൽകൃഷി നശിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ പാലളവിൽ പ്രതിദിനം 12420 ലിറ്ററോളം കുറവ് വന്നിട്ടുണ്ട്. ചൂരൽമല പ്രദേശത്ത് ക്ഷീര കർഷകരുടെ ജീവഹാനി സംബന്ധിച്ച കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുന്നതിനനുസരിച്ച് മാത്രമേ നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി മനസ്സിലാക്കാനാവുകയുള്ളൂ. ദുരന്ത മേഖലയിലുള്ള ചൂരൽമലയിൽ 40 ഓളം ക്ഷീര കർഷകരാണ് ചൂരൽമല ക്ഷീര സംഘത്തിൽ പാലളന്നിരുന്നത്. 14 ക്ഷീര കർഷകർ ദുരന്തത്തിൽ അകപ്പെട്ടിട്ടുള്ളതായി വിവരം ലഭ്യമായിട്ടുണ്ട്. കർഷകരെല്ലാം കന്നുകാലികളെ ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് നിലവിൽ മാറിയതിനാൽ ഉരുക്കളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. 10 ഓളം പശു ഫാമുകൾ ജില്ലയിൽ കാലവർഷക്കെടുതി മൂലം വൻരീതിയിലുള്ള നാശനഷ്ടങ്ങൾക്കിരയായിട്ടുണ്ട്.
ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ള ക്ഷീര മേഖലയിലെ നഷ്ടം താഴെ പറയും പ്രകാരമാണ്
പശു- 54 എണ്ണം
കിടാരി- 17എണ്ണം
കന്നുകുട്ടി-28
കാലിത്തൊഴുത്ത്- 39എണ്ണം പൂർണ്ണമായി 79 എണ്ണം ഭാഗികമായി
തീറ്റപുൽകൃഷി- 300ഹെക്ടർ
കാലിത്തീറ്റ-2950 കി.ഗ്രാം
കാലിത്തീറ്റ- (വൈക്കോൽ) 4800 Kg.
പ്രതിദിന പാൽ സംഭരണത്തിൽ വന്ന കുറവ്- 12420 (ലിറ്ററിൽ)
ക്ഷീര സംഘം കെട്ടിടങ്ങൾ-1
ചൂരൽമലയോട് അടുത്ത പ്രദേശമായ അട്ടമലയിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
നിലവിൽ കേരള ഫീഡ്സ് ലഭ്യമാക്കിയ 580 ബാഗ് കാലിത്തീറ്റയും മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ക്ഷീര കർഷകർ സംഭാവന നൽകിയ 150 കെട്ട് വൈക്കോലും വിതരണം നടത്തിയിട്ടുണ്ട്. നേരത്തെ ബഹു. മന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് അനുവദിച്ച 5 ലക്ഷം രൂപയ്ക്കുള്ള സബ്സിഡൈസ്ഡ് ഫീഡ് കംപോണന്റ് മുഖേന പച്ചപ്പുല്ല്, വൈക്കോൽ, സൈലേജ്, ചോളത്തണ്ട് എന്നിവ പ്രളയം ബാധിച്ച മാനന്തവാടി, കൽപ്പറ്റ, പനമരം, സുൽത്താൻ ബത്തേരി എന്നീ ബ്ലോക്കുകളിലെ ക്ഷീര കർഷകർക്ക് വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടൽ നടത്തുവാൻ വേണ്ടി ജില്ലയിലെ ക്ഷീര സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ഷീര വികസന ഓഫീസർമാർ, ഡയറി ഫാം ഇൻസ്ടക്ടർമാർ, എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധസംഘം പ്രവർത്തിച്ചുവരുന്നു.
ജില്ലയിലെ മറ്റു ഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉരുക്കളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശവും അവയ്ക്ക് വേണ്ട തീറ്റവസ്തുക്കൾ സംഘടിപ്പിച്ച് നൽകുന്നതിനുള്ള നിർദ്ദേശങ്ങളും സംഘം ഭരണ സമിതി അംഗങ്ങൾക്കും ബ്ലോക്കുതല ഉദ്യോഗസ്ഥർക്കും ഈ ഓഫീസിൽ നിന്നും നൽകിയിട്ടുള്ളതാകുന്നു.
ജില്ലയിലെ ക്ഷീര വികസന ഓഫീസർമാരും ഡയറി ഫാം ഇൻസ്ട്രക്ടർമാരും നാശനഷ്ടങ്ങൾ സംഭവിച്ച കർഷകരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടൽ സംഭവിച്ച ചൂരൽമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം ശേഷിക്കുന്ന ഉരുക്കൾക്ക് കാലിത്തീറ്റ എത്തിച്ചുനൽകേണ്ട സാഹചര്യവും നിലനിൽക്കുന്നു. ദുരന്ത പ്രദേശത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ദുരന്തത്തിൽ അകപ്പെട്ട ഉരുക്കൾക്ക് കാലിത്തീറ്റയും വൈക്കോലും വിതരണം ചെയ്യുന്നതിനുള്ള കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പശുക്കൾക്ക് 37500 രൂപയും, കിടാരികൾക്കും, പശുക്കുട്ടികൾക്കും 20000 രൂപയും ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിന് നഷ്ടമായ എല്ലാ മൃഗങ്ങളുടെയും കണക്കുകൾ തിട്ടപെടുത്തി, കർഷകർക്ക് പണം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകി. കൂടാതെ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ള ഉരുക്കൾക്കും മറ്റുമുള്ള തീറ്റവസ്തുക്കൾ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണപ്പെട്ട ഉരുക്കളെ കൃത്യമായി മറവ് ചെയ്യുവാനും, മറ്റുള്ളവയെ മാറ്റി പാർപ്പിക്കുവാനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ എമർജൻസി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമാർട്ടം ചെയ്യാൻ കഴിയാത്ത നിലയിൽ മൃഗങ്ങളുടെ മൃതശരീരം ലഭിക്കുകയോ, ഒഴുകി പോവുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ റിപ്പോർട്ട് ലഭ്യമാക്കി കർഷകർക്ക് നഷ്ടപരിഹാരത്തിന് തടസം വരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കർഷകർക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് വേണ്ടി മിൽമ, കേരളാ ഫീഡ്സ്, കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് , വെറ്ററിനറി യൂണിവേഴ്സിറ്റി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ നിന്നും ചോളം, തീറ്റപ്പുൽ എന്നിവ എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി കർണ്ണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ക്ഷീരസംഘങ്ങൾക്ക് സ്വന്തം ഫണ്ടിൽ നിന്നും പണം ചെലവഴിച്ച് കർഷകർക്ക് ആവശ്യമായ സഹായം നൽകുന്നതിന് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിത മേഖലയിലേക്ക് കാലിത്തീറ്റ , പച്ചപ്പുൽ , പാൽ എന്നിവ എത്തിക്കുന്നതിനുള്ള വാഹനങ്ങൾ തടസ്സമില്ലാതെ എത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുരിത ബാധിത മേഖലയിലെ ക്ഷീരകർഷകരെ സഹായിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ വകുപ്പ് പൂർണ്ണ സജ്ജമാണ്.