തിരുവനന്തപുരത്ത് വെറ്ററിനറി കൗൺസിലിൽ ത്രൈമാസ അവലോകന യോഗം
ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ മേഖലയിലെ സാമ്പത്തിക പ്രാധാന്യമുള്ള രോഗങ്ങളുടെ സമഗ്രവശങ്ങൾ കൈകാര്യം ചെയ്യുന്ന സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലാബ് ബാംഗ്ലൂരിന്റെ (SRDDL, Bangalore) 2023ലെ ആദ്യ ത്രൈമാസ അവലോകന യോഗം തിരുവനന്തപുരത്ത് വെറ്ററിനറി കൗൺസിലിൽ വച്ച് ഉദ്ഘാടനം ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മൃഗരോഗങ്ങളുടെ നിർണയം, നിരീക്ഷണം, നിയന്ത്രണം, ഇവയിലെ വെല്ലുവിളികൾ ലബോറട്ടറികളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങൾ എന്നിവയെ കുറിച്ച് യോഗം ചർച്ചചെയ്യും. രോഗപ്രതിരോധ- നിയന്ത്രണ മാർഗ്ഗങ്ങൾ ഊർജ്ജിതപ്പെടുത്തുവാനുളള മാർഗങ്ങൾ ഉരുത്തിരിച്ചെടുക്കുവാനും, അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകൾ കൈമാറി ഏകോപിത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും ഈ യോഗം സഹായിക്കും. പരിപാടിയുടെ രണ്ടാം ദിവസം കോട്ടൂർ ആന സങ്കേതത്തിൽ വച്ചും, സിയാദ് പാലോട് വെച്ചും ആനകളിലെ ക്ഷയ രോഗം, ഹെർപിസ് രോഗം എന്നിവയുടെ സാമ്പിൾ ശേഖരണം, രോഗനിർണയം എന്നിവയെക്കുറിച്ചും ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിൽ ഈ കാലയളവിൽ പല സാംക്രമിക രോഗങ്ങളും, ജന്തുജന്യ രോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ രോഗങ്ങളുടെ ത്വരിത സ്ഥിരീകരണത്തിന്, ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബയോസേഫ്റ്റി ലെവൽ മൂന്ന് (BSL3) ലാബ് പാലോട് സിയാദിൽ സ്ഥാപിക്കുന്നതിന് അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു വേണ്ട സാങ്കേതിക സഹായം നൽകാൻ SRDDLനോട് ആവശ്യപ്പെട്ടു. ആനകളിലെ രോഗനിർണയത്തിനും സ്കാനിങ് ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളോടു കൂടിയ ഒരു കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുവാനുള്ള ശ്രമം നടത്തും.