ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ഉദ്‌ഘാടനം ചെയ്തു
പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെൻ്ററിൽ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്ന ക്ഷീരതീരം പദ്ധതി മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സാകുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം 94,500 രൂപ ഒരു മൽസ്യതൊഴിലാളി കുടുംബത്തിനു രണ്ടു പശുക്കളെ മേടിക്കത്തക്ക നിലയിൽ കൊടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എട്ടു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാനം തുടക്കം കുറിച്ചെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മേഖല യൂണിയനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസ്വാന്തനം ഇൻഷുറൻസ് പദ്ധതിക്ക് ക്ഷീര വികസന വകുപ്പ് 1 .50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ എല്ലാ ക്ഷീര കർഷകരും അംഗങ്ങളാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആത്മ, മിൽമ, കേരള ഫീഡ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, ക്ഷീരകർഷക മുഖാമുഖം, വിവിധപ്രദർശനങ്ങൾ, ശിൽപശാല, ഡയറി ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, ആത്മ, മിൽമ, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്