ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
2024-25 സാമ്പത്തിക വർഷത്തെ ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണിമല,കർദിനാൾ പടിയറ പബ്ലിക് സ്കൂളിൽ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 40 ഗ്രാമപഞ്ചായത്തുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമ പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുക തന്നെ ക്ഷീരവികസന വകുപ്പും ക്ഷീര ഗ്രാമം വകയിരുത്തുന്നു. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന ഗ്രാമ പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. 1,2,5 എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവ യന്ത്രം, കാലിത്തീറ്റ,തീറ്റപ്പുൽ, യന്ത്രവൽക്കരണം, തുടങ്ങിയ ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു.
ഈ വർഷം 4.25 കോടി രൂപ ക്ഷീര വികസന വകുപ്പും,അത്ര തന്നെ തുക ഗ്രാമ പഞ്ചായത്തുകളും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പാലുൽപാദനം വർദ്ധിപ്പിക്കുക, പാലിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ക്ഷീരവികസന വകുപ്പും,വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് യോഗം സംഘടിപ്പിച്ചത്.