ക്ഷീരശ്രീ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ഓൺലൈൻ പാൽ സംഭരണത്തിനും വിപണനത്തിനുമായി ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടൽ ഒക്ടോബർ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാസ്കറ്റ് ഹോട്ടലിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മിൽമ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഡോ. ശശിതരൂർ എംപി വിശിഷ്ടാതിഥിയായിരിക്കും. ജനപ്രതിനിധികൾ, ക്ഷീരസംഘം – മിൽമ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഏകീകൃത പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. കർഷകർ ക്ഷീരസംഘത്തിൽ നൽകുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനമാണിത്. സംഘങ്ങളുടെ അക്കൗണ്ടിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കുന്നതിനും ഈ സോഫ്റ്റ്വെയർ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്.