Technological advancement in the dairy sector should be made beneficial to the farmers as well

ഐഡിഎഫ് ഏഷ്യാ പസഫിക് റീജനൽ ഡെയറി കോൺഫറൻസിന് തുടക്കമായി

ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് കൂടി ഗുണകരമാക്കണം

ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണൽ ഡയറി കോൺഫറൻസ് – ഏഷ്യ പസഫിക് 2024’ ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് (എൻ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

ക്ഷീര സഹകരണമേഖലയാണ് സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. മൂവായിരത്തിലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. ഇത്രയും ക്ഷീര സഹകരണ സംഘങ്ങളിലെ 3 ലക്ഷം കർഷകരിൽ നിന്ന് പ്രതിദിനം 18 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നു. ക്ഷീരകർഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങൾ പാൽ ഉദ്പാദക രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ ആകെ വാർഷിക ക്ഷീരോത്പാദനം. 70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനം. തീരദേശ സംസ്ഥാനമായതിനാൽ പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട് കേരളം. തീറ്റയുടെയും കാലിത്തീറ്റയുടെയും ദൗർലഭ്യം, പുൽമേടുകളുടെ ലഭ്യതക്കുറവ്, ലേബർ കോസ്റ്റ് എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും ക്ഷീരകാർഷിക മേഖലയിൽ ഏറെ മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഉപജീവന കൃഷിയിൽ നിന്ന് സംഘടിത ക്ഷീരകർഷക രീതികളിലേക്ക് മാറി കേരളത്തിലെ ക്ഷീരമേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. എങ്കിലും ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്മെന്റ് സംവിധാനം വേണം. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ നൂതന മാർഗങ്ങൾ തേടണം. ചടങ്ങിൽ മിൽമയുടെ പാലട പായസം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. മിൽമയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്.

മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 1000 പ്രതിനിധികളും 500 കർഷകരും പങ്കെടുക്കുന്നു. ‘ക്ഷീരകർഷക മേഖലയുടെ ആധുനികവൽക്കരണവും നവീകരണവും’ എന്ന പ്രമേയത്തിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ആഗോള ക്ഷീര കർഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖരും വിദഗ്ധരും ശാസ്ത്ര സാങ്കേതിക ചർച്ചകൾക്ക് നേതൃത്വം നൽകും.

ആദ്യ ദിനത്തിൽ കാലാവസ്ഥാ വെല്ലുവിളികളെ നേരിടൽ, വൺ ഹെൽത്ത് തത്ത്വങ്ങൾ, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീരവ്യവസായ വളർച്ച, നൂതന വിപണന സമീപനങ്ങൾ, ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികൾ എന്നിവ വിവിധ സെഷനുകളിൽ ചർച്ച ചെയ്തു.

ഐഡിഎഫ്, ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി ഫ്രെയിംവർക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി, ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ലൈവ്‌സ്റ്റോക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോൾ ബാക്ട്രിയൻ അസോസിയേഷൻ, എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡെയറി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.