സംസ്ഥാന ക്ഷിരകർഷക സംഗമം പടവ് 2024 ഇടുക്കിയിൽ നടക്കും

ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമം ഈ വർഷം ഇടുക്കി ജില്ലയിലെ അണക്കര സെന്റ് തോമസ് ഫെറോന ചർച്ച് പാരിഷ് ഹാളിൽ ഫെബ്രുവരി 18, 19, 20 തീയതികളിലായി നടക്കും. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മിൽമ, കേരള ഫീഡ്‌സ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങൾ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.പി, എം.എൽ.എ മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സഹകാരികൾ, ക്ഷീരകർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പാലുല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം ഏറെ അടുത്തിരിക്കുകയാണ്. ഈ അവസരത്തിൽ ഉൽപാദന വർദ്ധനവിലും, ലാഭകരമായ കാലിവളർത്തലിലും വർഗഗുണമുള്ള ഉരുക്കളുടെ പ്രാധാന്യം വിളിച്ചോതുന്നതിനുകൂടിയാണ് ഇൻഡോ-സ്വിസ് പദ്ധതിയുടെ ഈറ്റില്ലമായ ഇടുക്കിയെ സംഗമ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ഉരുക്കളെ സംസ്ഥാനത്തിൽ തന്നെ ഉരുതിരിച്ചെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടാരി പാർക്കുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. ഇതുവഴി വരും വർഷങ്ങളിൽ പാലുല്പാദനത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ലാഭകരമായ ക്ഷീരോൽപാദനത്തിന് അനിവാര്യമായ പച്ചപ്പുല്ലിന്റെ ലഭ്യത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഉല്പാദന ധന സഹായമായി 15 കോടിയോളം രൂപ ഈ വർഷം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സമഗ്ര കന്നുകാലി വികസന പരിപാടിയായ മിൽക്ക്‌ഷെഡ് വികസന പദ്ധതിയിലും പ്രത്യേക പ്രാദേശിക ക്ഷീരവികസന പരിപാടിയായ ക്ഷീര ഗ്രാമം പദ്ധതിയിലുമായി ആകെ 42.33 കോടി രൂപയും ചെലവഴിച്ചു പാൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഊർജ്ജിതശ്രമത്തിലാണ് സർക്കാർ. തീരമേഖലയിലെ ക്ഷീരവൃത്തി പരിപോഷിപ്പിക്കുന്നതിനായി ”ക്ഷീരതീരം” എന്ന പേരിൽ പ്രത്യേകം പദ്ധതി രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. തോട്ടം മേഖലയിലെ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ”ക്ഷീരലയം” എന്ന പേരിലും പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.

ഫെബ്രുവരി 18ന് വൈകിട്ട് മൂന്നിനു സംഘാടക സമിതി ചെയർമാനും പീരുമേട് എം.എൽ.എ യുമായ വാഴൂർ സോമൻ പതാക ഉയർത്തി ക്ഷീരകർഷക സംഗമ പരിപാടികൾക്ക് തുടക്കം കുറിക്കും. 19 ന് രാവിലെ 10നു ക്ഷീരകർഷക സംഗമം പടവ്-2024 -ന്റെ ഔദ്യാഗിക ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ജില്ലകളിൽ നിന്ന് എത്തിചേരുന്ന ക്ഷീരകർഷക പ്രതിനിധികൾക്ക് അവരുടെ സംശയനിവാരണത്തിനുള്ള അവസരം, ക്ഷീരസംഘം ജീവനക്കാരുടെ പെൻഷൻ പദ്ധതിയുടെ വിശദീകരണവും സ്‌പോട്ട് അഡ്മിഷനും, ക്ഷീരമേഖലയിൽ പരമ്പരാഗത അറിവുകൾ പങ്ക് വയ്ക്കുന്ന ”നാട്ടിലെ ശാസ്ത്രം” ക്ഷീരമേഖലയിലെ സംശയ നിവാരണങ്ങൾക്കായി വിദഗ്ദ്ധർ പങ്കെടുക്കുന്ന ‘മുഖാമുഖം’ പരിപാടി, ക്ഷീരകർഷക സെമിനാറുകൾ, മികച്ച നേട്ടങ്ങൾ കൈവരിച്ച ‘ക്ഷീരകർഷകരുടെ വിജയഗാഥകൾ’ സംസ്ഥാനത്തെ മികച്ച ആപ്‌കോസ്, നോൺ-ആപ്‌കോസ് ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള വർഗ്ഗീസ് കുര്യൻ അവാർഡു ദാനം, മാധ്യമ അവാർഡു ദാനം, ക്ഷീരസഹകാരി അവാർഡ് ദാനം തുടങ്ങിയ വൈവിധ്യ പൂർണമായ പരിപാടികൾ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകരെയാണ് ഇത്തരത്തിൽ ആദരിക്കുന്നത്. ഇപ്രകാരം 2022-23 വർഷത്തിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡിന് അർഹരായവർക്ക് പുരസ്കാരങ്ങൾ നൽകും.

സംസ്ഥാനതല ജേതാവിന് ഒരുലക്ഷം രൂപ, ഓരോ മേഖലാ തലത്തിൽ (തിരുവനന്തപുരം/എറണാകുളം/മലബാർ) അവാർഡിന് അർഹരായവർക്ക് 50,000 രൂപ വീതവും, ജില്ലാതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്. ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.

സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് ഷൈൻ കെ.ബി അർഹനായി. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും വനിതാ വിഭാഗത്തിൽ ആർ. ബിയാട്രിസും എസ്.സി/എസ്.ടി വിഭാഗത്തിൽ എൽ. ഗിരിജയും അവാർഡിനർഹരായി.

എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ അമ്പിളി എം.കെയും എസ്.സി/എസ്.ടി വിഭാഗത്തിൽ റോയ് ചന്ദ്രനും അവാർഡിനർഹരായി.

മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ മോഹൻദാസ് എം.വിയും വനിതാ വിഭാഗത്തിൽ ലീമ റോസ്ലിൻ എസും എസ്.സി/എസ്.ടി വിഭാഗത്തിൽ എ. രാജദുരെയും അവാർഡിനർഹരായി.

ക്ഷീരസഹകാരി-ജില്ലാതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ തനലക്ഷ്മി എസും വനിതാ വിഭാഗത്തിൽ ആർ. കനകമ്മയും എസ്.സി/എസ്.ടി വിഭാഗത്തിൽ സി. ആർ. സിന്ധുവും അവാർഡിനർഹരായി.

കൊല്ലം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷാജി വി.യും വനിതാ വിഭാഗത്തിൽ ആർ. പ്രസന്നകുമാരിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഡോ.രമയും അവാർഡിനർഹരായി.

പത്തനംതിട്ട ജില്ലയിൽ ജനറൽ വിഭാഗത്തിൽ കെ.എം ജോസഫും വനിത വിഭാഗത്തിൽ ലിറ്റി ബിനോയും എസ്.സി/എസ്.ടി വിഭാഗത്തിൽ ബിനോയ് വി.ജെയും അവാർഡിനർഹരായി.

ആലപ്പുഴ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഷിഹാബുദ്ദീൻ എം.എസും വനിതാ വിഭാഗത്തിൽ എൽ. വത്സലയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഷീലാ ധനജ്ഞയനും അവാർഡിനർഹരായി.

കോട്ടയം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജുമോൻ തോമസും വനിതാ വിഭാഗത്തിൽ ആലീസ് സേവ്യറും എസ്.സി/എസ്.ടി വിഭാഗത്തിൽ പ്രകാശൻ എ.കെയും അവാർഡിനർഹരായി.

ഇടുക്കി ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിൻസ് കുര്യനും വനിതാ വിഭാഗത്തിൽ നിഷ ബെന്നിയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാമമൂർത്തിയും അവാർഡിനർഹരായി.

എറണാകുളം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജിനിൽ മാത്യുവും വനിതാ വിഭാഗത്തിൽ അല്ലി സൈമണും എസ്.സി/എസ്.ടി വിഭാഗത്തിൽ അപർണ്ണ പി.കെയും അവാർഡിനർഹരായി.

തൃശ്ശൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോണി ജോസഫും വനിതാ വിഭാഗത്തിൽ ലക്ഷ്മി മേനോനും എസ്.സി/എസ്.ടി വിഭാഗത്തിൽ മൻദീപക് വി.എം ഉം അവാർഡിനർഹരായി.

പാലക്കാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ സേതുരാമലിംഗവും വനിതാ വിഭാഗത്തിൽ എസ് ദിവ്യയും എസ്.സി/എസ്.ടി വിഭാഗത്തിൽ രാജേശ്വരിയും അവാർഡിനർഹരായി.

മലപ്പുറം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ബിജു ജോണും വനിതാ വിഭാഗത്തിൽ സജിത ഇ.പിയും എസ്.സി/എസ്.ടി വിഭാഗത്തിൽ പി. ചിഞ്ചുവും അവാർഡിനർഹരായി.

കോഴിക്കോട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഡാന്റി ജോസഫും വനിതാ വിഭാഗത്തിൽ കീർത്തി റാണിയും എസ്.സി/എസി.ടി വിഭാഗത്തിൽ തുളസി ബായ് എം.പിയും അവാർഡിനർഹരായി.

വയനാട് ജില്ലയിൽ ജനറൽ വിഭാഗത്തിൽ ജോർജ് എം.കെയും വനിതാ വിഭാഗത്തിൽ ലിസ്സമ്മ ജോർജും എസ്.സി/എസ്.ടി വിഭാഗത്തിൽ സുധ സുരേന്ദ്രനും അവാർഡിനർഹരായി.

കണ്ണൂർ ജില്ലയിൽ ജനറൽ വിഭാഗത്തിൽ പ്രതീഷ് കെയും വനിതാ വിഭാഗത്തിൽ സുലോചന വി.ബിയും എസ്.സി/എസ്.ടി വിഭാഗത്തിൽ കുമാരൻ എൻ ഉം അവാർഡിനർഹരായി.

കാസർഗോഡ് ജില്ലയിൽ ജനറൽ വിഭാഗത്തിൽ രവീന്ദ്രൻ പി.ടിയും വനിതാ വിഭാഗത്തിൽ മുംതാസ് അബ്ദുള്ള കുഞ്ഞിയും എസ്.സി/എസ്.ടി വിഭാഗത്തിൽ ഒ.എം. രാമചന്ദ്രനും അവാർഡിനർഹരായി.