A milk revolution will take place in the state in the coming years

ക്ഷീരമേഖലയിലെ കർഷകർ ഏറെ നാൾ കാത്തിരുന്ന, സംസ്ഥാനത്ത് വരും വർഷങ്ങളിൽ പാൽ വിപ്ലവത്തിനുതകുന്ന പദ്ധതിയായ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി നടപ്പിലാക്കുന്ന പദ്ധതി ഇനി മുതൽ എല്ലാ കർഷകർക്കും ലഭിക്കും. കർഷകർക്ക് ഏറ്റവും മികച്ച വിത്തുകാളകളുടെ ഗുണനിലവാരം ഉറപ്പാക്കി ഉന്നത ഗുണനിലവാരവും ഉയർന്ന പാലുൽപ്പാദനവും ലക്ഷ്യമിട്ട് ലിംഗനിർണ്ണയം നടത്തിയ ബീജാമാത്രകളുടെ സംസ്ഥാന തല വിതരണം നടത്തി.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ( KLDB) ആഭിമുഖ്യത്തിൽ രാഷ്ട്രീയ ഗോകുൽ മിഷൻ വഴി നടപ്പിലാക്കുന്ന സെക്സ് സോർട്ടഡ് ബുൾ സെമൺ ( ലിംഗനിർണ്ണയം നടത്തിയ ബീജാമാത്രകൾ) വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തലത്തിൽ ആരംഭിച്ചു. ആറ് പതിറ്റാണ്ടിനിപ്പുറം നടപ്പാക്കുന്ന സ്വപ്ന പദ്ധതിയുടെ ക്രയോ ക്യാൻ കൃത്രിമ ബീജാധാന കിറ്റ് എന്നിവയുടെ വിതരണവും ആരംഭിച്ചു.

കർഷകർക്ക് ഉയർന്ന ഗുണമേൻമയുള്ള തൊണ്ണൂറു ശതമാനവും പശുക്കുട്ടികളെ ഉറപ്പുനൽകുന്ന പദ്ധതിയാണ് ലിംഗനിർണ്ണയം നടത്തിയ ബീജാമാത്രകൾ പദ്ധതി.സംസ്ഥാനത്തെ പശുക്കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ലിംഗനിർണ്ണയം നടത്തിയ ബീജാമാത്രകൾ പരീക്ഷണാടിസ്ഥാനടത്തിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കെഎൽഡിബി ലക്ഷ്യമിടുന്നത്. ഈ പദ്ധതി 500 രൂപയ്ക്കാണ് കർഷകർക്ക് ലഭിക്കുക. രണ്ട് പ്രാവശ്യവും പശുക്കൾക്ക് ഗർഭധാരണം സാധ്യമായില്ലെങ്കിൽ 500 രൂപ തിരികെ നൽകും .അതേ സമയം ഗർഭധാരണത്തിലൂടെ കാളക്കുട്ടിയാണ് ഉണ്ടാകുന്നതെങ്കിൽ 750 രൂപയും തിരികെ നൽകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
തിരുവനന്തപുരത്ത് നടന്ന പരിപാടിയോടനുബന്ധിച്ച് സന്തതി പരിശോധന സോഫ്റ്റ് വെയർ ആയ ADAP( APPLICATION FOR DATA ANALYSIS OF PROGENY TESTING )ന്റെ സമാരംഭവും നടന്നു. വിത്തുകാളകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിലൂടെ ഉൽപ്പാദിപ്പിച്ച പശുക്കിടാങ്ങളുടെ ജനിതക ഗുണം ഉൽപ്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ അപഗ്രഥിച്ച് മേൻമ നിർണ്ണയിക്കുന്ന രീതിയാണ് സന്തതി പരിശോധനാ പ്രക്രിയ.