veterinary hospital, doorstep


മൃഗാശുപത്രി വീട്ടുപടിക്കലേക്ക്

മൃഗങ്ങളെ പോറ്റിവളർത്തുന്ന കർഷകരുടെ വീട്ടുപടിക്കൽ, അടിയന്തര സന്ദർഭങ്ങളിൽ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റുകൾ. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് നിലവിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പുതിയ 12 വെറ്ററിനറി സർജറി ആംബുലൻസുകൾ കൂടി റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിൽ വരുത്തുന്നതിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

രോഗ ബാധിതരായ മൃഗങ്ങളെ ചികിത്സ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സാ രംഗത്ത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ മൃഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് രോഗനിർണയത്തിന്റെ അഭാവം പലസമയത്തും ഉണ്ടാകുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം വേണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടെലി വെറ്ററിനറി യൂണിറ്റ് സംവിധാനം നടപ്പാക്കുന്നത്.

ആദ്യം തുടങ്ങിയ മൂന്ന് ടെലിവെറ്ററിനറി യൂണിറ്റുകൾ മൊബൈൽ സർജറി യൂണിറ്റുകളായി പരിഷ്‌കരിച്ച്, ആധുനിക സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തിയറ്റർ നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. ചെറുതും വലുതുമായ മൃഗങ്ങൾക്കുള്ള ശസ്ത്രക്രിയ കർഷകർക്ക് ഇ-സമൃദ്ധ ആപ്പ് മുഖേന ബുക്ക് ചെയ്യാം. ഒരു പ്രത്യേക പ്രദേശത്ത് നിന്ന് 5 മുതൽ 6 വരെ ബുക്കിംഗുകൾ ശേഖരിച്ചുകഴിഞ്ഞാൽ, ശസ്ത്രക്രിയയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് അടയ്ക്കാൻ കർഷകനെ അറിയിക്കുകയും ചെയ്യും. മുൻകൂട്ടി നിശ്ചയിച്ച തീയതിയിലും സമയത്തിലും യൂണിറ്റ് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ എത്തുകയും ഐച്ഛിക ശസ്ത്രക്രിയ നടത്തുകയും ചെയ്യും. കേസിന്റെ അടിസ്ഥാനത്തിൽ അടിയന്തര കോൾ ലഭിച്ചാൽ അത് പരിഗണിക്കും.

ഓരോ യൂണിറ്റിന്റെയും പ്രവർത്തനത്തിനായി ഒരു വെറ്ററിനറി സർജനുൾപ്പടെയുള്ള മൂന്ന് ജീവനക്കാരെയാണ് നിയോഗിച്ചിട്ടുളളത്. മൃഗസംരക്ഷണവകുപ്പിന്റെ ആവശ്യാനുസരണം കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ CDAC (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്) ആണ് സഞ്ചരിക്കുന്ന ടെലിവെറ്ററിനറി യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ രാത്രിയിലും കുറഞ്ഞ ചെലവിൽ കർഷകരുടെ വീട്ടുപടിക്കൽ മൃഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സമയബന്ധിതമായി നൽകാനാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി സംസ്ഥാനതലത്തിൽ 12 യൂനിറ്റുകൾ കൂടി വ്യാപിപ്പിക്കുന്നതിലുടെ മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് കൂടുതൽ പ്രയോജനം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.