Milma launched new value added products

പാലിന്റെ ഉല്പാദനക്ഷമതയിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ക്ഷീരകർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി ഉറപ്പാക്കുന്നതിന്റെയും വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് മിൽമ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിയത് . പാലുല്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ( ഇപ്പോൾ കേരളം രണ്ടാംസ്ഥാനത്താണ്). ഇതിനായി മിൽമ വഹിക്കുന്ന പങ്ക് വലുതാണ്. നിലവിൽ മിൽമ കേരളത്തിൽ മാത്രം നാല്പതോളം പാലുപന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. മിൽമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകർഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാൽ വില്പനയിൽ നിന്നുള്ള വരുമാനത്തിനു പുറമെ പാലുല്പന്നങ്ങളുടെ വിപണി കൂട്ടുന്നതിലൂടെ കൂടുതൽ ലാഭവും വരുമാനവും ക്ഷീരകർഷകർക്ക് ലഭ്യമാക്കാനാണ് മിൽമ ശ്രമിക്കുന്നത്.
മൂല്യവർധിത പാലുല്പന്നങ്ങളായ പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട് (രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം), മിനികോൺ, മിൽക്ക് സിപ്പ് അപ്പ്, ഫ്രൂട്ട് ഫൺഡേ എന്നിവയാണ് വിപണിയിലിറക്കിയത്. ഫ്രൂട്ട് ഫൺ (125 എം.എൽ) 40 രൂപ, പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട് (100 ഗ്രാം) 50 രൂപ, മിനി കോൺ (60 എം.എൽ) 20 രൂപ, നാല് ഫ്ളേവറുകളിലുള്ള മിൽക്ക് സിപ് അപ്പ്, ചോക്കളേറ്റ് 25 രൂപ എന്നിങ്ങനെയാണ് പുതിയ ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നത്.