മില്‍മ പാല്‍ പുതിയ പായ്ക്കറ്റില്‍
മില്‍മ ഹോമോജിനൈസ്ഡ് ടോണ്‍ഡ്പാല്‍ 525 മില്ലി’

മില്‍മയുടെ വിപണന ശൃംഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ പുറത്തിറക്കുന്ന ‘ഹോമോജിനൈസ്ഡ് ടോണ്‍ഡ്പാല്‍ 525 മില്ലി’ പുതിയ പായ്ക്കറ്റിന്റെ വിതരണോദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ കൂടിയ ചടങ്ങില്‍ ഇന്ന് രാവിലെ 11.30 മണിക്ക് നിര്‍വഹിച്ചു. നിലവില്‍ ലഭ്യമായ മില്‍മ ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ പായ്ക്കറ്റില്‍ നിന്നും വ്യത്യസ്തമായി 25/- രൂപ നിരക്കില്‍ 525 മില്ലി പാല്‍ ഉള്‍ക്കൊളളുന്ന പുതിയ പായ്ക്ക് ആഗസ്റ്റ് മാസം ഒന്നോടെ വിപണിയില്‍ ലഭ്യമാകും. ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കി

വൈവിധ്യവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് മില്‍മ പുതിയ പായ്ക്കറ്റ് വിപണിയില്‍ ഇറക്കുന്നത്. മില്‍മ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മില്‍മയ്ക്ക് വിട്ടു നല്‍കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.പാലുല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുന്നത് അതിവിദൂരമല്ലെന്ന് ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ലിറ്റര്‍ പാലിന് 26 രൂപ നല്‍കി സംഭരിക്കുമ്പോള്‍ മില്‍മ 36 രൂപ നല്‍കിയാണ് സംഭരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 53 കോടി രൂപ ചിലവില്‍ പാല്‍പ്പൊടി നിര്‍മ്മാണ പ്ലാന്റ് മലബാര്‍ മേഖലയില്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനുളള പരിശ്രമം തുടങ്ങിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി യും മില്‍മയും സംയുക്തമായി തുടക്കം കുറിച്ച ‘ഷോപ്പ് ഓണ്‍ വീല്‍’ എന്ന സംരംഭം

കൂടുതല്‍ വിപുലമാക്കി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിയ്ക്കുവാന്‍ ലക്ഷ്യമിടുന്നണ്ട്. കാലിത്തീറ്റയുണ്ടാക്കുവാനാവശ്യമായ ഘടകങ്ങള്‍ കേരളത്തില്‍ തന്നെ കര്‍ഷകരെ കൊണ്ട് ഉത്പാദിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍ പിളള, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പാഴാക്കികളയാതെ മില്‍മകവറുകള്‍ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റി സോഷ്യല്‍ മീഡിയാ താരമായി മാറിയ ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു.