Achieve self-sufficiency in meat production - Minister J. Chinchurani

മാംസ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്ത ലക്ഷ്യമിടണം – മന്ത്രി ജെ.ചിഞ്ചുറാണി

ഭക്ഷ്യ മാംസത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകണമെന്നും മാംസ ഉല്‍പാദന രംഗം ശക്തിപ്പെടുത്താനുളള പദ്ധതികള്‍ പ്രാദേശികതലങ്ങളില്‍ തന്നെ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പും ബ്രഹ്‌മഗിരിയും സംയുക്തമായി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നിലവില്‍ ഇറച്ചി ഉല്‍പ്പാദനത്തില്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തിനുളളത്. പൗള്‍ട്രി കോര്‍പ്പറേഷനൊപ്പം കെപ്‌കോ, കുടുബശ്രീ, ബ്രഹ്‌മഗിരി പോലുള്ള സ്ഥാപനങ്ങളിലൂടെ വിവിധ പദ്ധതികള്‍ ഒരുക്കി മാംസ സ്വയംപര്യാപ്തത കൈവരിക്കാനാവും. കൂടുതല്‍ പദ്ധതികളിലൂടെ മലബാറിലെ മാംസ വിപണനം ശക്തിപ്പെടുത്താന്‍ സാധിക്കണമെന്നും അവര്‍ പറഞ്ഞു. പോത്തുകുട്ടി വളര്‍ത്തല്‍, കോഴി ഫാം, ഹാച്ചറികള്‍, ശീതികരണ സംഭരണ സ്ഥാപനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. മേഖലയിലേക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ കടന്ന് വരണം. കോഴി, പോത്ത് കുട്ടി എന്നിവ കര്‍ഷകര്‍ക്ക് നല്‍കി അവ മാംസമാക്കാറാകുമ്പോള്‍ കര്‍ഷക്കരില്‍ നിന്ന് തിരികെ വാങ്ങി മാംസം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുന്ന മാംസങ്ങളെക്കാള്‍ ഇവ ലാഭകരമാണ്. ഇതിനായി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ക്ഷീര വികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ട്രെയിനിംഗ്് ഹാള്‍, കാന്റീന്‍, മോഡല്‍ ഫാം, നെന്‍മേനി കൃഷിഭവന്‍ മുഖേന സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായത്തോടെ നിര്‍മ്മിച്ച മോഡല്‍ കോഫി നഴ്‌സറി (ഷേയ്ഡ് നെറ്റ് ഹൗസ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ് കുമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.സത്താര്‍, ഗ്രാമപഞ്ചായത്ത് അംഗം ദീപ ബാബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.കെ.ബേബി, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, കെപ്‌കോ ചെയര്‍മാന്‍ പി.കെ.മൂര്‍ത്തി, ബ്രഹ്‌മഗിരി വൈസ് ചെയര്‍മാന്‍ പോള്‍ കെ.ജെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.