Assistance will be given to dairy farmers who have lost their livestock

മഴക്കെടുതി; കന്നുകാലി നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് സഹായം നൽകും: മന്ത്രി ജെ ചിഞ്ചുറാണി

ഹരിപ്പാട്: മഴക്കെടുതിയിൽ കന്നുകാലി നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് കന്നുകാലി ഒന്നിന് മുപ്പതിനായിരം രൂപ വീതം സഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കന്നുകുട്ടിക്ക് പതിനായിരവും ആട്, പന്നി എന്നിവക്ക് മൂവായിരം വീതവും നഷ്ടപരിഹാരം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കെട്ടിയിട്ടിരിക്കുന്ന കന്നുകാലികൾക്ക് മിൽമയുടെ സഹായത്തോടെ തീറ്റ ലഭ്യമാക്കും. പശുവൊന്നിന് ദിവസവും 70 രൂപയുടെ കാലിതീറ്റ സൗജന്യമായി നൽകും. ഇൻഷ്വർ ചെയ്ത കന്നുകാലികളുടെ ഇൻഷ്വർ തുക ഉടൻ നൽകും.

വെള്ളപ്പൊക്കത്തിലകപ്പെട്ട കന്നുകാലികളെ രക്ഷിക്കാൻ ബോട്ടുകളുടെ സേവനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിലകപ്പെടുന്ന കന്നുകാലികൾക്ക് ഉയരമുള്ള സുരക്ഷിത സംവിധാനം നിർമിക്കും. തൊഴുത്ത് നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

പള്ളിപ്പാട് എൻടിപിസി പമ്പ് ഹൗസ്, നടുവട്ടം ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ഏഞ്ചൽസ് പബ്ലിക് സ്കൂൾ എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ശോഭ, സിപിഐ നേതാക്കളായ ഡി അനീഷ്, യു ദിലീപ്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തികൃഷ്ണ, ക്ഷീര വികസന ഓഫീസർ വിആർ അശ്വതി, ഗോപി ആലപ്പാട്, ജോമോൻ കുളഞ്ഞി കൊമ്പിൽ, ശ്രീജിത്ത് പള്ളിപ്പാട്, സുഭാഷ് പിള്ളക്കടവ്, സരിത എസ്, ഗീത അശോകൻ, ബിന്ദു കൃഷ്ണ കുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.