Farm license will be available through single window system

ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കും

കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കും . തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്‌ഥക്ക് മാറ്റം വരുത്തും .

ഫാം തുടങ്ങുന്നതിനും നടത്തികൊണ്ട് പോകുന്നതിനും നിലവിലുള്ള കാലാഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകും. ക്ഷീരമേഖലയിലേയ്ക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഫാംമിംഗ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന വിധം ഒരുക്കാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തും. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരവും നൽകാൻ നടപടി സ്വീകരിക്കും.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരും. അടുത്ത ബജറ്റിൽ കാലിത്തീറ്റ ബില്ലിന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനായി 1962 എന്ന നമ്പറിൽ 24 മണിക്കൂർ ടോൾഫ്രീ സേവനം ലഭ്യമാക്കും. 29 ബ്ലോക്കുകളിലേയ്ക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കുന്നതിനായി വാഹനങ്ങൾ നൽകി. 70 ബ്ലോക്കുകളിലേയ്ക്ക് വാഹനം നൽകുന്നതിന് 13.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ 70 ബ്ലോക്കുകളിലേയ്ക്കുള്ള ആംബുലൻസ് നൽകും.