Kerala towards self-sufficiency in milk powder production

 മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

*മൊത്തം ചെലവ് 131.03 കോടി

*ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടി

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.

131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആർ.ഐ.ഡി.എഫ്) യിൽ നിന്ന് 32.72 കോടി രൂപയും മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ആലപ്പുഴയിലുള്ള മിൽമയുടെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി പ്രവർത്തനരഹിതമായതോടെ പാൽ തമിഴ്‌നാട്ടിൽ എത്തിച്ചായിരുന്നു പാൽപ്പൊടി നിർമിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാർ യൂണിയൻ പ്രതിസന്ധിയിലായിരുന്നു. പുതിയ പാൽപ്പൊടി നിർമാണ ഫാക്ടറി നിലവിൽ വരുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.