Summer Care of Cows: Care Needed

അന്തരീക്ഷ താപനില കൂടിയതോടെ പകൽ 10നും 5നും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. ചൂട് കൂടിയതോടെ കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂടുതലാണ്.

സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണം.

കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും അത്യുഷ്ണത്തിൽ നിന്ന് രക്ഷിക്കുന്നതിന് താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്:

• ശുദ്ധമായ തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം.

• വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധമാക്കുക

• മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമം

• രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക

• വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം

• ധാരാളം പച്ചപ്പുല്ല് /ഈർക്കിൽ മാറ്റിയ പച്ച ഓല /പനയോല ലഭ്യമാക്കണം

• മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക

• ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ് ,പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്

• വേനൽ ചൂട് ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ബാഹ്യപരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച മുതലായവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് ബബീസിയോസിസ് എന്നിവ കൂടുതലായി കാണുന്നു. ബാക്ടീരിയ പരത്തുന്ന അകിടുവീക്കവും ഉമിനീർ ഒലിച്ച് പോകുന്നത് മൂലം ഉണ്ടാകുന്ന ദഹനക്കേടും വയറിളക്കവും വ്യാപകമാവാൻ സാധ്യതയുണ്ട്.

• അരുമകളായ നായ്ക്കൾ പൂച്ചകൾ കിളികൾ എന്നിവയെ കാറിൽ അടച്ചിട്ട് കൊണ്ട് ഉടമസ്ഥർ പോകുന്നത് സൂര്യാഘാതത്തിനിടയാക്കും. അരുമകൾക്കും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്സും നൽകേണ്ടതാണ്.