നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബർ 1-ാം തീയതി മുതൽ

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബർ 1-ാം തീയതി മുതൽ ആരംഭിക്കുകയാണ്. 2009 ലെ മൃഗങ്ങൾക്കുളള സാംക്രമിക രോഗ നിയന്ത്രണ/നിർമ്മാർജ്ജന ആക്ട് പ്രകാരം കുളമ്പുരോഗ കുത്തിവെയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണ്. 2025 ഓടുകൂടി കുളമ്പുരോഗം നിയന്ത്രണ വിധേയമാക്കുന്നതിനും 2030  ഓടുകൂടി  നിർമ്മാർജ്ജനം ചെയ്യുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി മാംസം, പാൽ, തുകൽ, അവയുടെ ഉപഉൽപ്പനങ്ങൾ എന്നിവയുടെ കയറ്റുമതിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. നാല് മാസത്തിന് മുകളിൽ പ്രായമുളള പശു/എരുമ വർഗ്ഗത്തിലുളള ഉരുക്കൾക്കാണ് കുത്തിവയ്പ്പ് നൽകുന്നത്. (അവസാന മൂന്ന് മാസം ഗർഭാവസ്ഥയിലുളളവ/അസുഖമുളളവ/നാല് മാസത്തിന് താഴെ പ്രായമുളള കിടാങ്ങൾ എന്നിവയെ ഒഴിവാക്കും). വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കുന്നതിന് സംസ്ഥാനം പൂർണ്ണമായും സജ്ജമാണ്. എല്ലാ കർഷകരും ഈ  അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്തി സ്വന്തം ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കേണ്ടതാണ്.