Will attract new entrepreneurs and new generation to dairy sector: Minister J. Chinchurani

നവ സംരംഭകരെയും പുതു തലമുറയെയും ക്ഷീര മേഖലയിലേക്ക് ആകർഷിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

 പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ നവ  സംരംഭകരെയും പുതുതലമുറയെയും ക്ഷീര മേഖലയിലേക്ക് ആകർഷിക്കുമെന്ന്   ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി.

ക്ഷീര വികസന വകുപ്പിന്റെയും കാസറഗോഡ്  ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പടുവളം ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ  തൃതലപഞ്ചായത്ത്‌, മില്‍മ, കേരളാഫീഡ്സ്‌, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തത്തോടെ കാലിക്കടവ് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെ    ഉദ്ഘാടനം ഓൺലൈനായി  നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

 ചെറുകിട ക്ഷീര കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഗവൺമെന്റ് ചെയ്യുന്നുണ്ട്.കന്നു കാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും.24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷരുടെ വീട്ടുമുട്ടത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം.

കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാകുന്നത് ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമാകും.

കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതിനു പുറമെ മിച്ചം വരുന്ന പാൽ പൊടിയാക്കി സൂക്ഷിക്കുന്നതിനുള്ള യൂണിറ്റ് ഈ വർഷം തന്നെ മലപ്പുറത്തു യാഥാർഥ്യമാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം ഡയറി എക്സ്പോ,  ക്ഷീരകർഷകരെ ആദരിക്കല്‍  എന്നിവ സംഘടിപ്പിച്ചു.