താറാവ് കൃഷിയിൽ പുതിയ ചുവടുവെയ്പുമായി വെറ്ററിനറി സർവ്വകലാശാല : ചൈത്ര താറാവിനങ്ങൾ

കേരളത്തിന്റെ തനതു താറാവ് ജനുസായ കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായി വെറ്ററിനറി സർവ്വകലാശാല ഉരുത്തിരിച്ചെടുത്ത താറാവിനമാണ് ‘ചൈത്ര’ താറാവുകൾ. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള പൗൾട്രി സയൻസ് ഉന്നത പഠന കേന്ദ്രത്തിൽ നടന്ന പ്രാരംഭ പഠനങ്ങൾ പ്രകാരം ഇറച്ചി ആവശ്യത്തിനായി വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ ജനിതക ശേഷി നമ്മുടെ നാടൻ കുട്ടനാടൻ താറാവുകൾക്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2012ൽ യൂണിവേഴ്സിറ്റി പൗൾട്രി & ഡക്ക് ഫാം മണ്ണുത്തിയിൽ ഇതിനു വേണ്ട ഗവേഷണപ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ സാമ്പത്തിക സഹായത്തോടെ ഈ പഠനങ്ങൾ തിരുവിഴാംകുന്ന് വളർത്തു പക്ഷി ഗവേഷണകേന്ദ്രത്തിൽ തുടർന്നു. ചാര, ചെമ്പല്ലി ഇനം താറാവുകളെ അപേക്ഷിച്ച് എട്ടാഴ്ച പ്രായത്തിൽ അവയേക്കാൾ 300 ഗ്രാം അധികം തൂക്കം ചൈത്രയ്ക്കുണ്ട്. ഇറച്ചിക്കോഴി തീറ്റ കൊടുത്ത് വളർത്തുമ്പോൾ എട്ടാമത്തെ ആഴ്ച 1300 മുതൽ 1500 ഗ്രാം വരെ ശരീരഭാരം കൈവരിക്കുന്നു. കൂട്ടിലിട്ടും, അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്താനും സാധിക്കുന്ന ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുയോജ്യവും മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയുമുള്ളവയാണ്. ചൈത്ര താറാവിൻ കുഞ്ഞുങ്ങളെ കേരളത്തിൽ ഉടനീളമുള്ള കർഷകർക്ക് ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങളുമായി സർവ്വകലാശാല മുന്നോട്ട് പോവുകയാണ്.