Kerala will be free from rabies through systematic rabies prevention and awareness activities

ചിട്ടയായ പേവിഷ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കേരളം പേവിഷ മുക്തമാക്കും

സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പു യജ്ഞത്തിന്റെ ഭാഗമായ പേവിഷ ബോധവൽക്കരണ പ്രചാരണ വാഹനം സെക്രട്ടേറിയേറ്റിനു സമീപം മൃഗസംരംക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. 2030 ഓടു കൂടി കേരള സംസ്ഥാനത്തെ പേവിഷ ബാധ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

2022 ൽ സംസ്ഥാനത്തു ആരംഭിച്ച മാസ് ഡോഗ് വാക്‌സിനേഷൻ പദ്ധിയിലെ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മിഷൻ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു പ്രവർത്തിച്ചു വരികയാണെന്നും പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനൊപ്പം നായകളിലെ ABC പദ്ധതി വഴിയും സമഗ്രവും ചിട്ടയായതുമായ ബോധവൽക്കരണ പദ്ധതികളിലൂടെയും മാത്രമേ റാബീസ് എന്ന മഹാമാരിയെ നമ്മുടെ സംസ്ഥാനത്തു നിന്നും തുടച്ചു നീക്കുവാൻ കഴിയുകയുള്ളു.

മൂന്നാം ഘട്ട മാസ്സ് ഡോഗ് വാക്‌സിനേഷന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് മിഷൻ റാബീസ്,CAWA എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള പേവിഷ ബോധവൽക്കരണ പ്രചാരണ വാഹനം ഇനിയുള്ള ഒരു മാസക്കാലയളവിൽ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പേവിഷബാധ തടയുന്നതിനെക്കുറിച്ചു പൊതുജന അവബോധം വർദ്ധിപ്പിക്കുക, നായയുടെ കടി മൂലം ഉണ്ടാകുന്ന മുറിവിന്റെ ഫലപ്രദമായ പരിചരണം, പേവിഷബാധ തടയുന്നതിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യം, പേവിഷബാധയ്ക്കെതിരായ പോരാട്ടത്തിൽ സാമൂഹിക പങ്കാളിത്തം വളർത്തുക എന്നീ വിഷയങ്ങൾ സമൂഹ മധ്യത്തിൽ അവതരിപ്പിച്ചു പൊതുജനങ്ങളിൽ ഈ രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് ഈ വാഹന പ്രചാരണ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

വരുന്ന ഒരു മാസക്കാലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ ഉൾപ്പെടയുള്ള പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചു ഈ വാഹനം മുഖേന പേവിഷ ബാധ സംബന്ധിച്ച വിഡിയോ ചിത്രങ്ങളും, പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ പേവിഷബാധയെക്കുറിച്ചു പൊതുജനങ്ങൾക്കുള്ള സംശയദുരീകരണത്തിനായി Interactive സെഷനുകളും പ്രചാരണ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.