Milk Shed Development Program of Dairy Development Department

ക്ഷീര വികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം

പശുക്കളെ വളർത്തുന്നതിന് 90 % വരെ സബ്‌സിഡി ലഭ്യമാകുന്ന ക്ഷീര വികസന വകുപ്പിന്റെ പദ്ധതിയാണ് മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം. 2022-23 സാമ്പത്തിക വർഷം പദ്ധതിയ്ക്കായി 1001.63 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
1, 2, 5, 10 എന്നിങ്ങനെ പശുക്കളുടെ എണ്ണത്തിനനുസരിച്ച് 4 ഇനങ്ങളിലായാണ് ഡയറി യൂണിറ്റിനുള്ള ആനുകൂല്യം ലഭ്യമാവുക.

ഒരു പശു യൂണിറ്റ്

ജീവിതമാർഗമായി ഒരു പശുവിനെ വളർത്താൻ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലെ സ്ത്രീകൾക്ക് പദ്ധതി ചിലവായി കണക്കാക്കിയിരിയ്ക്കുന്ന 1.06 ലക്ഷം രൂപയുടെ 90 % തുകയായ 95,400 രൂപ സർക്കാർ സബ്‌സിഡിയായി ലഭ്യമാകും.

2 പശുക്കളുടെ യൂണിറ്റ്

നിലവിൽ ഒന്നോ രണ്ടോ പശുവുമായി ഫാം നടത്തിക്കൊണ്ടിരിക്കുന്ന കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാവുക. ഡയറി സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവർക്കും വനിത, എസ്.സി./എസ്.ടി., ഒ.ബി.സി. എന്നിവർക്കും പ്രത്യേക പരിഗണന ലഭിക്കും. ഇതിന് കണക്കാക്കിയിരിക്കുന്ന ചെലവ് 1.41 ലക്ഷം രൂപയും സർക്കാർ സബ്‌സിഡി 46,500 രൂപയുമാണ്.

5 പശുക്കളുടെ ഫാം

ഡയറി സഹകരണ സംഘങ്ങൾക്ക് പാൽ നൽകുന്ന കർഷകർക്കും ലാഭകരമായും മികച്ച രീതിയിലും ഫാം നടത്താൻ ഉദ്ദേശിക്കുന്ന പുതു സംരംഭകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിച്ചെലവ് 3.98 ലക്ഷം രൂപയും സർക്കാർ സബ്‌സിഡി 1.32 ലക്ഷം രൂപയുമാണ്. 25 സെന്റ് സ്ഥലമെങ്കിലും പുൽകൃഷിക്കായി ഉണ്ടായിരിക്കണം.

10 പശുക്കളുടെ യൂണിറ്റ്

മികച്ച രീതിയിൽ ഫാം നടത്താൻ ഉദ്ദേശിക്കുന്ന പുതു സംരംഭക-കർഷകർക്കും സഹകരണ ഡയറിയിൽ പാൽ നൽകുന്ന കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കണക്കാക്കിയിരിക്കുന്ന തുക 8.36 ലക്ഷം രൂപയും സബ്‌സിഡി തുക 2.76 ലക്ഷം രൂപയുമാണ്. 50 സെന്റ് സ്ഥലമെങ്കിലും പുൽകൃഷി നടത്തുന്നതിന് ഉണ്ടായിരിക്കണം.

നിബന്ധനകൾ

* മൂന്നു വർഷത്തിനുള്ളിൽ ഇതേ ആവശ്യങ്ങൾക്ക് ധനസഹായം ലഭിച്ചവർ അർഹരല്ല.

* സംസ്ഥാനത്തിന് പുറത്തുനിന്ന്‌ പശു/എരുമയെ കൊണ്ടുവരണം. അവിടത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റും ചെക്‌പോസ്റ്റ് സീൽ അടിച്ച പേപ്പറും അപേക്ഷയോടൊപ്പം ഹാജരാക്കണം.

* ബാങ്ക് വായ്പ എടുത്തിരിക്കണമെന്നു നിർബന്ധമില്ല. ഉണ്ടെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും.

* കർഷകന്റെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക സ്ഥിതി (കാറ്റഗറി ഒന്ന് ഒഴികെ) ബാധകമല്ല.

* സ്വന്തം സ്ഥലം ഉണ്ടായിരിക്കണം. ആയതിന്റെ കരം തീർത്ത രസീത് ഹാജരാക്കണം. എന്നാൽ 5-10 പശുക്കളുള്ള ഫാം തുടങ്ങുന്നതിന് വാടക സ്ഥലവും പരിഗണിക്കും.

ഓൺലൈൻ അപേക്ഷ

സ്ഥലത്തിന്റെ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴുത്തിന്റെ പ്ലാൻ എസ്റ്റിമേറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ksheerasree.kerala.gov.inവഴി നൽകുന്ന അപേക്ഷയോടൊപ്പം സമർപ്പിയ്ക്കണം. വിവരങ്ങൾക്ക് ഡയറി എക്സ്റ്റൻഷൻ ഓഫിസറുമായി ബന്ധപെടുക. https://dairydevelopment.kerala.gov.in/index.php/institutions/district-wise-offices