സംസ്ഥാനത്ത് ക്ഷീരമേഖലയിൽ നിലവിൽ 8 ലക്ഷം കർഷക കുടുംബങ്ങൾ ഉണ്ട്. ഇതിൽ മിക്കവരും തന്നെ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവരാണ്. സ്ഥല പരിമിതി, തീറ്റപ്പുല്ലിന്റെ ദൗർലഭ്യം, വർദ്ധിച്ചു വരുന്ന കാലിത്തീറ്റയുടെ വില, കാലവർഷക്കെടുതികൾ എന്നിവ കാരണം ഈ ക൪ഷക൪ക്ക് തുട൪ച്ചയായ തിരിച്ചടികള്‍ നേരിടേണ്ടി വരികയാണ്. കോവിഡ് കാലത്ത് സ്ഥായിയായ വരുമാനം ക്ഷീരക൪ഷക൪ക്ക് ഉറപ്പു വരുത്തുവാ൯ കേരളത്തിലെ ക്ഷീര സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവഴി നവകേരള നിർമ്മാണത്തിൽ കർഷക സമൂഹത്തിന്റെ ജീവനോപാധി ഉറപ്പൂവരുത്തുന്നതിനും ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും നി൪ണ്ണായകമായ പങ്കു വഹിക്കാ൯ കഴിയും എന്ന ആത്മ വിശ്വാസം ക്ഷീരക൪ഷക൪ക്ക് കൈവരിക്കാനുമായിട്ടുണ്ട്. പ്രളയത്തെയും, കോവിഡ് 19 മഹാമാരിയെയും മറികടന്ന് ക്ഷീരമേഖല കൈവരിച്ച ഉല്പതിഷ്ണുതയും വളർച്ചാ നിരക്കും എടുത്തു പറയേണ്ടതാണ്. ഈ സ൪ക്കാ൪ സ്വീകരിച്ചുവരുന്ന കർഷക സൗഹൃദ നിലപാടുകളും, പദ്ധതികളും ഈ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതാകേണ്ടതുണ്ട്.

മേല്‍ സാഹചര്യത്തില്‍ തീറ്റച്ചെലവിന്റെ ക്രമാതീതമായ വർദ്ധനവ് മൂലം ഉല്പാദനച്ചെലവ് ഗണ്യമായി വ൪ദ്ധിക്കുകയും ക്ഷീരവൃത്തി ലാഭകരമല്ലാതാക്കുകയും ചെയ്യുന്നു എന്ന വസ്തുത പരിഗണിച്ച് പാൽ വിലയുടെ 80 ശതമാനത്തിലേറെ വരുന്ന തീറ്റ കാരണമുള്ള അധിക ബാദ്ധ്യത ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കാതിരിക്കാനാവശ്യമായ ഇടപെടലുകളുണ്ടാകേണ്ടതുണ്ട്. ക്ഷീരകർഷകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, ക്ഷീരസംഘങ്ങളിൽ ഒഴിക്കുന്ന പാലിന് സബ്സിഡി നൽകിയും, തീറ്റപ്പുൽകൃഷി പദ്ധതികൾ നടപ്പിലാക്കിയും ക്ഷീരകർഷകരുടെ പാൽ ഉല്പാദന ചെലവ് കുറച്ച് ക്ഷീരകർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്ന നയം.
ക്ഷീരകർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായും പശുപരിപാലനം ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സ൪ക്കാർ പാലിന് സബ്സിഡി എന്ന പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ “ക്ഷീരസംഘങ്ങൾക്കുള്ള ധനഹായം” എന്ന പദ്ധതിയിലൂടെ 2022 ജൂലൈ മാസം മുതൽ ക്ഷീരസംഘങ്ങളിൽ അളന്നിട്ടുള്ള പാലിന് എല്ലാ ക്ഷീരകർഷകർക്കും ലിറ്റർ ഒന്നിന് 1 രൂപ നിരക്കിൽ 8 മാസക്കാലം നൽകുന്നതിന് 28.57 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരവികസന വകുപ്പിന്റെ “ക്ഷീരശ്രീ” പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി ബിംസ് സോഫ്റ്റ്വെയ൪ സംവിധാനത്തിലൂടെ ആണ് ടി ധനസഹായം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനമായി കർഷർക്ക് ലഭ്യമാക്കുന്നത്. ഇതിനായി ഈ പോ൪ട്ടലില്‍ ക്ഷീര കർഷകർ രജിട്രേഷൻ ചെയ്യുകയും അവ൪ സംഘങ്ങളില്‍ ഒഴിക്കുന്ന പാലിന്റെ അളവ് അടിസ്ഥാനമാക്കി ഇ൯സെന്റീവ് തുക കണക്കാക്കി ലഭ്യമാക്കുകയും ചെയ്യാ൯ ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ തുകയുടെ വിതരണം നടത്തുവാൻ ഉള്ള മുന്നൊരുക്കങ്ങൾ ക്ഷീരവികസന വകുുപ്പ് പൂർത്തീകരിച്ചു കഴിഞ്ഞു.
2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “പാലിന് സബ്‌സിഡി/ഇ൯സെന്റീവ്” എന്ന പദ്ധതി നടപ്പിലാക്കുവാൻ പദ്ധതി മാ൪ഗ്ഗ രേഖയില്‍ അനുമതി നല്കിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആവശ്യമാ‍യ ഫണ്ട് വകയിരുത്തുവാൻ വേണ്ടി ക്ഷീരവികസന നിർവ്വഹണ ഉദ്യോഗസ്ഥർ അതാത് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭരണസമതികളുമായി ചേ൪ന്ന് പ്രവ൪ത്തിച്ചു വരികയും ആയതിന്റെ പുരോഗതി സർക്കാർ തലത്തിൽ അവലോകനം നടത്തി വരുകയും ചെയ്യുന്നുണ്ട്. മാ൪ഗ്ഗനി൪ദ്ദേശമനുസരിച്ച് പരമാവധി ലിറ്റർ ഒന്നിന് മൂന്നു രൂപ നിരക്കിൽ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടി ധനസഹായം അനുവദിക്കാവുന്നതാണ്.
ക്ഷീരവികസന വകുപ്പ് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 1 രൂപയും (ക്ഷീരശ്രീ പോർട്ടൽ മുഖേന) തദ്ദേശസ്വയംഭരണസ്ഥാപന / ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 3 രൂപയും (സാംഖ്യ സോഫ്റ്റ്‌വെയർ മുഖേനെ) ചേർത്ത് ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഒഴിക്കുന്ന ഓരോ ലിറ്റർ പാലിനും 4 രൂപ നിരക്കിൽ ഒരേ സമയം അവരവരുടെ അക്കൌണ്ടുകളിൽ എത്തിച്ചു നൽകാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത്. എന്നാല്‍‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ അനുവദനീ‍യമായ 3 രൂപ അനുവദിച്ച് ലഭിക്കുവാൻ പദ്ധതി അംഗീകാരവും സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷീരവികസന വകുപ്പിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തുക വിനിയോഗിച്ചു തന്നെ 2022 ജൂലൈ മാസത്തെ പാൽ അളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് 4 രൂപ ഈ ഓണത്തിന് മുമ്പായി അനുവദിച്ചു നൽകുവാൻ ക്ഷീരവികസന വകുപ്പ് ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ അനുമതി ധനകാര്യ വകുപ്പ് ക്ഷീരവികസന വകുപ്പിന് അനുവദിച്ചു കഴിഞ്ഞു. ഈ ഓണത്തിന് മുമ്പായി 25.35 കോടി രൂപ ക്ഷീരകർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് എത്തുന്നതായി രിക്കും.
2022-23 വർഷം ആഗസ്റ്റ് മാസം മുതല്‍ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷർകർക്ക് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി മിൽക്ക് ഇൻസെന്റീവ് അവരവരുടെ ബാങ്ക് അക്കൌണ്ടുകളിൽ തുട൪ന്നു ലഭിക്കുന്നതായിരിക്കും. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നീ ലോക്കൽ ബോഡികളുടെ പദ്ധതി വിഹിതം ഉപയോഗിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 190 കോടി രൂപ ഇതിനായി വിനിയോഗിക്കും എന്ന് കണക്കാക്കപ്പെടുന്നു.
ക്ഷീരകർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജനകീയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് ഏവർക്കും ഉറപ്പ് നൽകുന്നു.