‘കനകം വിളയും കശുമാവ് ‘ കശുമാവ് കർഷക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിച്ച ‘കനകം വിളയും കശുമാവ് ‘ കശുമാവ് കർഷക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കശുവണ്ടി ഉല്പാദനം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ലക്‌ഷ്യം. കശുമാവ് കൃഷി വർദ്ധിപ്പിക്കുക വഴി സംസ്ഥാനത്തെ കശുവണ്ടി തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാനും, സംസ്ഥാനത്തിൻ്റെ കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുവാനും സാധിക്കും.
കേരളത്തിലെ കശുവണ്ടി മേഖലയിലെ ആഭ്യന്തര ഉല്പാദനത്തിലും കശുമാവ് കൃഷി വികസനത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിലെ 3 ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ ഭാവി കണക്കിലെടുത്തും കശുമാവ് കൃഷി വ്യാപനത്തിനു വേണ്ടി 2007-ൽ രൂപീകരിച്ച കേരള സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി.).
വിദേശ വിപണിയിൽ കശുവണ്ടി വ്യവസായം വിയറ്റ്‌നാം, ബ്രസീൽ മൊസാബിക്, ടാൻസാനിയ എന്നീ രാജ്യങ്ങളുമായി കടുത്ത കിടമത്സരത്തിലാണ്. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്ന കാർഷിക ഉല്പന്നങ്ങളുടെ കൂട്ടത്തിൽ 2-ാം സ്ഥാനമാണ് കശുവണ്ടിയ്ക്കുള്ളത്. കേരളം 1970-കളിൽ കശുമാവ് കൃഷി വിസൃതിയിൽ 1-ാം സ്ഥാനത്തായിരുന്നു. എന്നാൽ റബ്ബർ കൃഷിയുടെ കടന്നു കയറ്റത്തോടെ കശുമാവ് മേഖലയിലെ മിക്ക പ്രദേശവും റബ്ബർ കൃഷിക്കായി മാറുകയായിരുന്നു. ഇന്ന് കേരളം മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കർണ്ണാടക എന്നിവയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ കശുമാവ് വിസ്തൃതിയിൽ 6-ാം സ്ഥാനത്തും കശുവണ്ടി ഉല്പാദനത്തിൽ 5-ാം സ്ഥാനത്തുമാണ് നില്ക്കുന്നത്.
കശുവണ്ടി സംസ്‌ക്കരണത്തിലും, കയറ്റുമതിയിലും കേരളത്തിൻ്റെ പ്രാതിനിധ്യം പ്രശംസനീയമാണ്. കശുവണ്ടി സംസ്‌ക്കരണത്തിനായി 800 ഓളം ഫാക്ടറികളിലായി 3 ലക്ഷത്തോളം കശുവണ്ടി തൊഴിലാളികൾ പണിയെടുക്കുന്നു. അതിൽ 95 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. കേരളത്തിലെ ഫാക്ടറികൾക്ക് അസംസ്‌കൃത വസ്തുവായ തോട്ടണ്ടി 6 ലക്ഷം മെട്രിക് ടൺ അനിവാര്യമായിരിക്കെ നമ്മുടെ ആഭ്യന്തര ഉല്പാദനം വെറും 83000 മെട്രിക് ടൺ മാത്രമാണ്. ഈ കുറവ് നികത്തണമെങ്കിൽ നൂതന പദ്ധതികളിലൂടെ കശുമാവ് കൃഷി വ്യാപിക്കുവാനുള്ള നടപടി സ്വീകരിക്കേതുണ്ട്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുവാവാനാണ് പരീശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ കൃഷി വകുപ്പിൻ്റെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ കർഷകർ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിതെര സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ്മയിലൂടെ കൃഷി വ്യാപിപ്പിച്ച് ഉല്പാദനം കൂട്ടുകയും അതുവഴി കശുവണ്ടി വ്യവസായത്തിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കി സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം.